മനാമ: ഡോക്ടേഴ്‌സ് ദിനത്തില്‍ ബഹ്‌റൈനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് ശൂറ കൗണ്‍സില്‍. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി അഹോരാത്രം പ്രയത്‌നിക്കുന്നവരാണ് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള പോരാളികളാണവര്‍. രാജ്യത്തോടുള്ള അവരുടെ സ്‌നേഹത്തെയും ഉത്തരവാദിത്വത്തെയും അഭിനന്ദിക്കുകയാണ്. ശൂറ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വലിയ വ്യാപ്തിയുള്ള അംഗീകാരമാണ് ബഹ്‌റൈനി ഡോക്ടര്‍ക്കുള്ള ‘ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ’ പുരസ്‌കാരം. ഡോക്ടര്‍മാരുടെ പ്രയത്‌നത്തിന് രാജ്യം നല്‍കുന്ന അംഗീകരമായി പുരസ്‌കാരത്തെ കാണാവുന്നതാണ്. ഇത്തവണ അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ശൂറ കൗണ്‍സില്‍ വ്യക്തമാക്കി.
രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിവരുന്ന പിന്തുണയെ ശൂറ കൗണ്‍സില്‍ പ്രശംസിച്ചു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിവെച്ചു കൊണ്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നമാണ് രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതെന്നും ശൂറ കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.