മനാമ: ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് . കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിവിധ തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ലോകാരോഗ്യ സംഘടനയുടെയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ചാവും ഈ നപടികള്‍. ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു.
ബഹ്‌റൈനിലെ ആരോഗ്യ വിവരങ്ങള്‍, കോവിഡ് റിപ്പോര്‍ട്ടുകള്‍ എന്നിവ ജനങ്ങളിലെത്തിക്കുന്നതിനായി പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വിവരങ്ങള്‍ അറിയുന്നതിനായി എല്ലാവരും https://www.healthalert.gov.bh/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. റാപിഡ് ആന്റിജന്‍ പരിശോധന രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 15 മിനിറ്റിനുള്ളില്‍ ഫലമറിയാന്‍ കഴിയും. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌പെഷലൈസ്ഡ് ലബോറട്ടറി ഇല്ലാതെ തന്നെ പരിശോധന നടത്താന്‍ കഴിയുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ലഭ്യമാക്കിയിരിക്കുന്നത്. ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി.
കോവിഡില്‍ നിന്ന് മുക്തി നേടിയ വ്യക്തികള്‍ പ്ലാസ്മ ദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരണമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്. കേണല്‍ മനാഫ് അല്‍ ഖത്താനി ആഹ്വാനം ചെയ്തു. നേരത്തെ രോഗ മുക്തരായവരുടെ രക്ത പരിശോധനയിലൂടെ കോവിഡ് ചികിത്സാ രീതി വികസിപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാസ്മ ചികിത്സയ്ക്കും രോഗമുക്തരുടെ രക്ത ഉപയോഗപ്പെടുത്താന്‍ കഴിയും.
നിലവില്‍ ചില സ്വകാര്യ സ്‌കൂളുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂര്‍ണമായും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമെ സ്‌കൂള്‍ വീണ്ടും പ്രവര്‍ത്തിക്കുകയുള്ളു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങള്‍ 10 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണെന്നും ലെഫ്. കേണല്‍ മനാഫ് അല്‍ ഖത്താനി വ്യക്തമാക്കി.