മനാമ: അബു സായിബ പള്ളിക്ക് സമീപം സ്‌ഫോടനം നടത്തിയ കേസിലെ മൂന്ന് പ്രതികളുടെ അവസാന അപ്പീലും തള്ളി. ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇതോടെ മൂന്ന് പ്രതികളും 15വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടി വരും. നേരത്തെ കേസിലെ ഒരു പ്രതിക്ക് കോടതി 25 വര്‍ഷം(ജീവപര്യന്ത്യം) ശിക്ഷ വിധിച്ചിരുന്നു. പ്രതികളുടെ പൗരത്വം നീക്കം ചെയ്യാനും കോടതി വിധിച്ചിട്ടുണ്ട്.
21,22,28 എന്നിങ്ങനെ പ്രായമുള്ള ബഹ്‌റൈനികളുടെ അപ്പീലാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്. 2017 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സി4 എന്ന സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പള്ളിക്ക് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു പോലീസ് ഉദ്യോഗസ്ഥന് സ്‌ഫോടനത്തില്‍ പരിക്കേറ്റു. കൂടാതെ പള്ളി കെട്ടിടത്തിനും സ്‌ഫോടനത്തിന്‍ തകരാറുണ്ടായി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് ബഹ്‌റൈനുള്ളതെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.