മനാമ: കേരളത്തില്‍ നിന്നും ബഹ്‌റൈനിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകള്‍ ആരംഭിച്ചു. നേരത്തെ എമിറേറ്റ്‌സും കേരളത്തില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ഫ്ലൈ ദുബായും സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്ന് ദുബൈ വഴിയാണ് ബഹ്‌റൈനിലേക്ക് സര്‍വിസ് ആരംഭിച്ചത്. ഏകദേശം 16000രൂപ (80 ദിനാര്‍) മുതലാണ് ടിക്കറ്റ് നിരക്കുകള്‍. വിമാന സര്‍വീസുകള്‍ വര്‍ദ്ധിച്ചത് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
എയര്‍ ബബ്ള്‍ കരാര്‍ നിലവില്‍ വന്നിട്ടും മിനിമം 30000രൂപ മുതൽ 90000 രൂപക്ക് മുകളില്‍ വരെ ടിക്കറ്റെടുത്താണ് മിക്കവരും ബഹ്‌റൈനിലേക്ക് തിരികെയെത്തിയത്. യുഎഇയില്‍ സന്ദര്‍ശന വിസയിലെത്തി, അവിടെ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തവരും നിരവധിയാണ്. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സര്‍വീസുകളില്‍ ഏറ്റവും നിരക്ക് കുറഞ്ഞതാണ് ഫ്ലൈ ദുബായുടേത്.
വെള്ളി, ഞായര്‍, തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കരിപ്പൂരില്‍ നിന്നും ഞായര്‍, തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ഫ്‌ലൈ ദുബായ് സര്‍വീസുകളുണ്ടാവും. ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ലക്‌നൗ എന്നിവിടങ്ങളില്‍ ബഹ്‌റൈനിലേക്ക് ഫ്ലൈ ദുബായ് സര്‍വീസുകളുണ്ടാവും.
ദുബായ് കണക്ഷന്‍ വിമാനത്തിലായിരിക്കും യാത്ര. 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കയ്യില്‍ കരുതണം.
അതേ സമയം തന്നെ ഫ്ലൈ ദുബൈ വിമാനക്കമ്പനി കേരളത്തിൽനിന്ന് ദുബൈ വഴി ബഹ്‌റൈനിലേക്ക് ബുക്കിങ് തുടങ്ങിയെങ്കിലും ദുബൈ വിസ വേണമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഉടൻ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റ്സ് വിമാനത്തിന് ഈ നിബന്ധനയുണ്ടായിരുന്നില്ല. ഫ്ലൈ ദുബൈ സർവിസും ഇതുപോലെയാകുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. ദുബായ് വിസ എടുക്കേണ്ടി വന്നാലും, നിലവിലെ നേരിട്ടുള്ള മറ്റു വിമാനക്കമ്പനികളുടെ നിരക്ക് അപേക്ഷിച്ച് വളരെ കുറവായിരിക്കും ഫ്ലൈ ദുബായുടേതെന്നതാണ് ആശ്വാസം.
Sponsored: