ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 1,26,121 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 559 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 45,674 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി. ഇന്നലെ 49,082 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 78,68,968 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്.
നിലവില്‍ 5,12,665 പേരാണ് ചികിത്സയില്‍ തുടരുന്നത്. കോവിഡ് ഹോട്‌സ്‌പോട്ടുകളായ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കോവിഡ് നിരക്കുകളിലും കുറവുണ്ട്. രോഗമുക്തി നിരക്ക് വര്‍ധിക്കുന്നത് ആശ്വാസ വാര്‍ത്തയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ 7201 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂർ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂർ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസർഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.