മനാമ: ബഹ്‌റൈനില്‍ ചികിത്സാ സംബന്ധിയായി ലഭിക്കുന്ന പരാതികളില്‍ 13ശതമാനം വര്‍ദ്ധനവ്. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മറിയം അദ്ബി അല്‍ ജല്‍ഹ്മയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ കംപ്ലെയ്ന്‍സ് യൂണിറ്റില്‍ ലഭിക്കുന്ന പരാതികളില്‍ 16 ശതമാനം വര്‍ദ്ധനവ് എന്‍എച്ച്ആര്‍എയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യൂണിറ്റില്‍ ഇതുവരെ 257 പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ 167 എണ്ണം ഫയല്‍ ചെയ്തിരിക്കുന്ന വ്യക്തികളാണ്. 33 എണ്ണം ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളില്‍ നിന്നും 57 എണ്ണം ജുഡിഷ്യല്‍ അതോറിറ്റികളില്‍ നിന്നുമാണ് ഫയല്‍ ചെയ്തിരിക്കുന്നത്. മറിയം അദ്ബി അല്‍ ജല്‍ഹ്മ പറഞ്ഞു.
പരാതികളില്‍ 42 ശതമാനത്തോളം ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടവയാണ്. 44 ശതമാനം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനുകളുമായി ബന്ധപ്പെട്ട പരാതികളാണ്. ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, ഫാര്‍മസികള്‍ എന്നിവയുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം 39 ശതമാനത്തോളം വരുന്ന പരാതികളില്‍ കഴമ്പില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നതെന്നും മറിയം അദ്ബി അല്‍ ജല്‍ഹ്മ വ്യക്തമാക്കി.
2019ല്‍ 177 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ടെക്‌നിക്കല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. 10 കേസുകളില്‍ കുറ്റക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 18 കേസുകളില്‍ കുറ്റാരോപിതകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചില കേസുകളില്‍ ലൈസന്‍സ് റ്ദ്ദാക്കിയിട്ടുമുണ്ടെന്ന് മറിയം അദ്ബി അല്‍ ജല്‍ഹ്മ പറഞ്ഞു.