മനാമ: ഇരട്ടക്കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സല്‍മാനിയ മെഡിക്കല്‍ കോപ്ലംക്സിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിചാരണ നേരിടേണ്ടി വരും. നേരത്തെ കുറ്റാരോപിതര്‍ക്ക് കോടതി യാത്ര നിരോധനം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചികിത്സാ പിഴവ്, നരഹത്യ തുടങ്ങിയ വകുപ്പുകളിലാണ് വിചാരണ നേരിടേണ്ടി വരിക.
കുട്ടികളുടെ ചികിത്സയുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മൂന്ന് ഡോക്ടർമാരും ഒരു നഴ്സും കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തിയ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മരണപ്പെട്ട സംഭവം ചികിത്സാ പിഴവെന്ന് സംശയം പുറത്തുവന്നതോടെ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍എച്ച്ആര്‍എ) ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മെറിയം അദാബി അല്‍ ജല്‍മ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ മാതാവ് എസ്എംസിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ദിവസം മുതലുള്ള എല്ലാ മെഡിക്കല്‍ ഫയലുകളും കേസ് ഷീറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എന്‍എച്ച്ആര്‍എ നേരത്തെ പറഞ്ഞിരുന്നു.