മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഐ സി എഫ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആധുനിക ബഹ്റൈനിന്റെ നിര്‍മ്മിതിയില്‍ നിസ്തുലമായ പങ്ക് വഹിച്ച അദ്ദേഹം പ്രജാവത്സലനും പ്രവാസി സമൂഹത്തോട് വലിയ അനുകമ്പ കാണിച്ച ഭരണാധികാരിയുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ബഹ്റൈന്‍ രാജകുടുംബത്തിനും ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള ദുഃഖത്തില്‍ പങ്കു ചേരുന്നു- ഐ സി എഫ് അനുശോചനകുറിപ്പില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നാളെ വ്യാഴം രാത്രി എല്ലാ ഐ സി എഫ് കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഐ സി എഫ് നേതാക്കള്‍ വ്യക്തമാക്കി. ശൈഖ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ വിയോഗത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഓള് ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും ദുഖവും അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈന്‍ എന്ന കൊച്ചു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും പ്രവാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാക്കുകയും ചെയ്ത നന്മ നിറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കാന്തപുരം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആദരണീയരായ ബഹ്റൈന്‍ ഭരണകൂടത്തിനും ജനതക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും സര്വ്വശക്തന് അദ്ദേഹത്തിന്റെ പാരത്രികജീവിതം സന്തോഷത്തില്‍ ആക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.