മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബഹ്‌റൈന്‍ പാര്‍ലമെന്റ. ലോകത്തിന് തന്നെ തീരാനഷ്ടമായിരിക്കും പ്രിന്‍സ് ഖലീഫയുടെ വിയോഗമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പറഞ്ഞു. ജനങ്ങളുടെ ഏറെ അടുപ്പവും സ്‌നേഹവും സൂക്ഷിച്ച പ്രധാനമന്ത്രി ബഹ്‌റൈന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിലെ നിര്‍ണായക ശോഭയായി എക്കാലവും തിളങ്ങി നില്‍ക്കുമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ അനുസ്മരണ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
എല്ലാ ബഹ്‌റൈനികള്‍ക്കും പിതൃതുല്യനായ നേതാവായിരുന്നു പ്രധാനമന്ത്രി, കാണുന്ന സമയങ്ങളിലെല്ലാം തന്റെ കുടുംബത്തെക്കുറിച്ച് സ്‌നേഹാന്വേഷണങ്ങള്‍ നടത്താറുണ്ടായിരുന്നു. ഓരോ പാര്‍ലമെന്റ് അംഗങ്ങളുടെയും കുടുംബത്തെക്കുറിച്ചും ആരോഗ്യ ക്ഷേമത്തെക്കുറിച്ചും അന്വേഷിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നുവെന്നതാണ് വസ്തുത. രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ നയിക്കുന്ന ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തികള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, ബാങ്കിങ് മേഖലകളില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രിയുടെ പരിശ്രമങ്ങള്‍ സഹായിച്ചുവെന്നും. അലി അല്‍ സായെദ് അനുസ്മരണ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ബഹ്‌റൈനിലെയും ഗള്‍ഫിലെയും മാത്രമല്ല ലോകത്തിലെ തന്നെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനജനകമാണ്. വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി പരിശ്രമിച്ച വ്യക്തിയായിരുന്നു പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയെന്ന് ഇബ്രാഹിം അല്‍ നഫീ അനുസ്മരിച്ചു.