പ്രവാസ ലോകത്തെ സാഹസിക ജീവിതങ്ങളെക്കുറിച്ച് നാം സിനിമകളിലും കഥകളിലും വായിച്ചിട്ടുണ്ടാവും. അത്തരത്തില്‍ കഥകളെ വെല്ലുന്ന ജീവിതമാണ് കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ കീപ്പയ്യൂര്‍ മണപ്പുറം സ്വദേശി കുട്ട്യാലിയുടെത്. ജീവിതത്തിന്റെ സിംഹ ഭാഗവും ബഹ്‌റൈനില്‍ വിയര്‍പ്പൊഴുക്കിയ മലയാളി. 1981ല്‍ ദാരാ കപ്പലിലാണ് കുട്ട്യാലി പവിഴ ദ്വീപിലെത്തുന്നത്. അക്കാലത്ത് ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും മലയാളികളാണ്. സാഹസികമായ 12 ദിവസത്തെ കപ്പൽ യാത്രക്കൊടുവിലാണ് സ്വപ്‌നങ്ങളും പ്രതീക്ഷകളും മാത്രം കൈമുതലായി കരുതിയ കുട്ട്യാലി ബഹ്‌റൈനിലെത്തുന്നത്.
വളരെ ചെറിയ ശമ്പളത്തിന് ജോലി. ‘അക്കാലത്ത് 70ദിനാറില്‍ താഴെയായിരുന്നു ശമ്പളമെങ്കിലും ജീവിക്കാനും കൂടപ്പിറപ്പുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തികയുമായിരുന്നു’ കുട്ട്യാലി ഓര്‍ത്തെടുക്കുന്നു. 38 വര്‍ഷത്തെ ദീര്‍ഘമായ പ്രവാസത്തിനിടയില്‍ 36 വര്‍ഷത്തോളം ബഹ്‌റൈന്‍ ഡിഫന്‍സില്‍ തൊഴിലെടുത്തു. വ്യക്തി ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍, പ്രവാസത്തിനിടയില്‍ രോഗബാധിതനായി. വിവിധ സംഘടനകളുടെ സഹായത്തോടെ നാട്ടിലെത്തി ഓപ്പറേഷന്‍ കഴിഞ്ഞു. ജിവിത പ്രാരാബ്ദങ്ങള്‍ പ്രവാസത്തോട് വിടപറയാന്‍ സമയമായില്ലെന്ന് ഓര്‍മ്മിപ്പിച്ചതോടെ വീണ്ടും പവിഴ ദ്വീപിലെത്തി.
‘ഇന്നത്തെ ആധുനികവല്‍കൃത ബഹ്‌റൈന്‍ ആയിരുന്നില്ല ഞാനെത്തിയ കാലത്ത്. കടല്‍പ്പരപ്പില്‍ എണ്ണ കോരിയെടുത്ത അനുഭവം ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. ഇന്ന് കാണുന്ന പോലെ ബംഗാളികളൊന്നുമില്ല. അടിസ്ഥാന വർഗ പ്രവാസി തൊഴിലാളികളിലേറെയും മലയാളികള്‍ തന്നെ. മറ്റു ചില രാജ്യക്കാരുമുണ്ട്. പ്രവാസത്തിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് പിടിച്ചു നിന്നു. എല്ലാ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ഞാന്‍ ജന്മനാടിനെപ്പോലെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മരുഭൂമിയാണിത്.’
‘പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച കെ.എം.സി.സിയെപ്പോലുള്ള സംഘടനകളോട് എന്നും ആദരവും സ്‌നേഹവമുണ്ട്. പ്രവാസ ലോകത്തെ സൗഹൃദങ്ങളെയും സ്‌നേഹത്തോടെ ഓര്‍ക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകുമ്പോള്‍ സന്തോഷമുണ്ട്. അതിലേറെ ദുഃഖവും. സ്വന്തം നാടുപോലെ സ്‌നേഹിച്ച മണ്ണില്‍ നിന്ന് മടങ്ങിപ്പോവുകയെന്നത് ദുഃഖകരം തന്നെയാണ്’ കുട്യാലി പറയുന്നു.
ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ സമഗ്രമായ വികസനത്തിന് സാക്ഷിയായ വ്യക്തിയാണ് കുട്ട്യാലി. ഇന്ന് ഓരോ പ്രവാസിയും അനുഭവിക്കുന്ന സുരക്ഷിതത്വം അത്രത്തോളം ഇല്ലാതിരുന്ന കാലഘട്ടം. പ്രവാസത്തിലെ പച്ചയായ ജീവിതാനുഭവങ്ങള്‍ നേരിട്ടറിഞ്ഞ മനുഷ്യന്‍. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ട്. ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിതയായി മണ്‍മറഞ്ഞു. രണ്ടാമതൊരു പങ്കാളിയുമൊത്ത് ജീവിത യാത്ര തുടരുന്നു.
വലിയ സാമ്പത്തിക ഭദ്രതയൊന്നും കൈവരിക്കാതെയാണ് കുട്യാലി നാളെ ജന്മനാട്ടിലേക്ക് മടങ്ങുന്നത്. പെണ്‍മക്കളുടെ വിവാഹം ചെയ്ത് അയക്കാനും വീട്ടിലുള്ളവര്‍ക്ക് അന്നം മുടക്കാതിരിക്കാനും പവിഴ ദ്വീപിലെ അദ്ധ്വാനത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നാട്ടിലെത്തിയാല്‍ വീണ്ടുമൊരു ജോലി അസാധ്യമായിരിക്കും. ആരോഗ്യസ്ഥിതി മോശമാണെന്നും കുട്ട്യാലി പറയുന്നുണ്ട്. ആവതുള്ള കാലം മുഴുക്കെ മരുഭൂമിയില്‍ അദ്ധ്വാനിച്ച് ജീവിതം പച്ചപിടിപ്പിക്കാനെത്തുന്ന ഓരോ പ്രവാസിയും കുട്ട്യാലിമാർ തന്നേയാണ്. നിരവധി തവണ നേതൃസ്ഥാനം അലങ്കരിച്ച തങ്ങളുടെ സഹപ്രവർത്തകൻ്റെ വിശ്രമ ജീവിതത്തിന് ആശംസകള്‍ അർപ്പിച്ച് കെ എം സി സി ഈസ്റ്റ് റിഫാ കമ്മിറ്റിയും കൂടെ ചേരുന്നുണ്ട്.! ആശംസകളോടെ ബഹ്റൈൻ വാർത്തയും.