മനാമ: ചരിത്രത്തിലാദ്യമായി ബഹ്‌റൈൻ വിമാനം ഇസ്രായേല്‍ നഗരത്തില്‍ പറന്നിറങ്ങി. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ സയാനി ഉള്‍പ്പെടുന്ന ഉന്നതതല സംഘമാണ് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇസ്രായേലിലെ ടെല് അവീവില്‍ പറന്നിറങ്ങിയത്. ഇസ്രായേൽ വിദേശകാര്യ മന്ത്രിയാണ് ബഹ്‌റൈൻ സംഘത്തെ സ്വീകരിച്ചത്. അമേരിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതല ചര്‍ച്ച പിന്നീട് നടക്കും. ഇസ്രായേലുമായി സ്ഥാപിച്ചിരിക്കുന്ന നയതന്ത്ര ബന്ധം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കൂടിക്കാഴ്ച്ച ഉപകരിക്കും.
ഇരു രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ മേഖലകളില്‍ സഹകരണം ഉറപ്പാക്കുമെന്ന് നേരത്തെ ബഹ്‌റൈന്‍ വ്യക്തമാക്കിയിരുന്നു. നേരിട്ടുള്ള വിമാന സര്‍വീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവും. ബഹ്‌റൈന്റെ ചരിത്രത്തിലെ നിര്‍ണായക നയതന്ത്ര ബന്ധമായിരിക്കും ഇസ്രായേലുമായുള്ളത്. അറബ് മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധം ഗുണകരമാവുമെന്നാണ് വിദഗദ്ധരുടെ വിലയിരുത്തല്‍.