പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും തുരുത്താണ് മലയാളിക്ക് ഗള്‍ഫ് രാജ്യങ്ങള്‍. ദാരിദ്ര്യത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നും കേരളക്കരയെ പട്ടിണിയില്ലാത്തവരുടെ നാട്ടിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വരുമാന ശ്രോതസ്. എന്നാല്‍ സാമ്പത്തിക കാഴ്ച്ചപ്പാടുകള്‍ക്കപ്പുറത്ത് ഒരുപറ്റം പ്രവാസികളുടെ വിയര്‍പ്പിന്റെ മണമുള്ള കണക്കുകള്‍ പറയാന്‍ ഗള്‍ഫ് നാടുകള്‍ക്ക് കഴിയും. വലിയ സ്വപ്‌നങ്ങളുമായി കപ്പലും വിമാനവും കയറി മരുഭൂമിയിലെത്തിയവരാണ് ഭൂരിഭാഗവും. അന്യനാട്ടില്‍ അവര്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചാല്‍ മാത്രമെ അവരുടെ വീടുകളില്‍ അടുപ്പ് പുകയുകയുള്ളുവെന്ന് ചുരുക്കം.
ഇത്രയൊക്കെ പ്രതിസന്ധിയിലൂടെയാണ് ഓരോ പ്രവാസിയും ജീവിതം മുന്നോട്ട് നയിക്കുന്നത്. ഇതിനിടയില്‍ ചതിയില്‍ അകപ്പെട്ട് ജയിലില്‍ പോകേണ്ടി വരുമെന്ന് കൂടിയാണെങ്കിലോ? നാട്ടില്‍ നിന്നും തിരികെ പ്രവാസത്തിലേക്ക് പോകുന്നവര്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയോ ഒരു പരിചയമില്ലാത്തവരുടെയോ പാര്‍സലുകള്‍ കൊണ്ടുപോകാന്‍ തയ്യാറാകാറുണ്ട്. പ്രവാസ ദുരിതത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ക്ക് മരുന്നുകളും ഭക്ഷണങ്ങളും കൊണ്ടുപോകാമോയെന്ന് ചോദിക്കുമ്പോള്‍ വേണ്ടെന്ന് പറയാന്‍ കഴിയാറില്ലെന്നതാണ് സത്യാവസ്ഥ.
ഇത്തരത്തിലുള്ള ‘സ്‌നേഹപ്പൊതികള്‍’ കൊണ്ടുപോകാന്‍ തയ്യാറാവുന്നവരെ ചതിച്ച് മയക്കുമരുന്നുകളും നിരോധിത മരുന്നുകളും ഒളിപ്പിച്ച് നല്‍കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. പാര്‍സല്‍ കൊണ്ടുപോകുന്ന പ്രവാസിയുടെ ജീവിതാവസാനം വരെ ദുരിതക്കയമായി മാറ്റാന്‍ കഴിവുള്ള ക്രിമിനല്‍ക്കുറ്റമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇന്ത്യയിലോ ഗള്‍ഫിലോ വെച്ച് പ്രവാസിയറിയാതെ ഒളിപ്പിച്ച മയക്കുമരുന്നുകള്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് പുറംലോകം കാണാതെ അയാള്‍ ജയിലില്‍ കഴിയേണ്ടിവരും. ഇത്തരം ചതിപ്രയോഗങ്ങളുടെ വ്യാപ്തി തിരിച്ചറിയാന്‍ ബഹ്റൈനിലെയും സൗദിയിലെയും യുഎഇയിലെയുമെല്ലാം ജയിലുകള്‍ സന്ദര്‍ശിച്ചാല്‍ മതിയാകും. യാതൊരു അറിവുമില്ലാത്തതും ഉള്ളതുമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വര്‍ഷങ്ങള്‍ അഴിക്കുള്ളിലായ പ്രവാസികളെ നിങ്ങള്‍ക്കവിടെ കാണാനാവും. എളുപ്പം പണം സമ്പാദിക്കാമെന്ന പേരിൽ അറിഞ്ഞ് കൊണ്ട് ഇത്തരം ചതിക്കുഴികളിൽ ചെന്ന് ചാടിയവരും ചുരുക്കമല്ല.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവനെ വീണ്ടും പടുകുഴിയിലേക്ക് തള്ളിവിടുന്നതാണ് ഇത്തരം പ്രവണതകള്‍. പരസ്പര വിശ്വാസവും മനുഷ്യര്‍ക്കിടയിലെ സ്‌നേഹവുമെല്ലാം ഇല്ലാതാകുന്ന അതിക്രൂരമായ കുറ്റകൃത്യമായി മാത്രമെ ഇത്തരം കാര്യങ്ങളെ കാണാനാവു. ഒരു വ്യക്തി മാത്രമല്ല ഒരു കുടുംബം മുഴുവനുമാണ് അനാഥമാക്കപ്പെടുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഇത്തരം പാര്‍സലുകള്‍ സ്വീകരിക്കുന്ന പ്രവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയേക്കാള്‍ കടുപ്പമേറിയ നിയമങ്ങള്‍ നിലവിലുള്ള രാജ്യങ്ങളാണ് ഗള്‍ഫ് നാടുകള്‍. വിശ്വസ്തരാണെങ്കില്‍ പോലും പൊതികള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. സൂക്ഷ്മ പരിശോധന നടത്താതെ ഒരു പൊതികളും ആരില്‍ നിന്നും സ്വീകരിക്കരുത്. മരുന്നുകൾ കൊണ്ടു വരുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിരോധിതമാക്കിയവ കൈവശം വെക്കാതിരിക്കാനും ശ്രദ്ധ വേണം. ജാഗ്രത മാത്രമേ രക്ഷക്കെത്തുകയുള്ളു. !.