മനാമ: കോവിഡിന് പിന്നാലെ അടച്ചു പൂട്ടേണ്ടി വന്ന ബഹ്‌റൈനിലെ മസാജ്,സ്പാ പാര്‍ലറുകളും കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സ്പാ ഉടമസ്ഥരെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സ്പാ, മസാജ് പാര്‍ലറുകള്‍ അടച്ചിടാന്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിടുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ മറ്റു മേഖലകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പാര്‍ലറുകള്‍ തുറക്കാന്‍ അനുവാദം ലഭിച്ചില്ല.
‘ എട്ട് മാസത്തിലേറെയായി സ്ഥാപനം അടച്ചുപൂട്ടിയിട്ട്, ഇനിയും സമാനമായി പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.’ പത്ത് വര്‍ഷത്തോളമായി ബഹ്‌റൈനില്‍ സ്പാ നടത്തിവരുന്നയാള്‍ ജിഡിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ മിക്ക സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുകയാണ്. സ്ഥാപനം ഉടന്‍ തുറന്ന് നിയന്ത്രണങ്ങളോടെയാണെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് തൊഴിലാളികളും ഉടമകളും.