മനാമ: 18 വര്‍ഷത്തെ പ്രവാസ ജീവിതത്തിനൊടുവില്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശി ശശാങ്കൻ നാടണയുന്നു. ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ്പ് ഡെസ്‌കും സാമൂഹിക പ്രവര്‍ത്തകരും കൂടി നടത്തിയ നീക്കങ്ങളാണ് അദ്ദേഹത്തിന് തുണയായത്. നവംബര്‍ 24ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ ദുരിത പ്രവാസം അവസാനിപ്പിച്ച് ശശാങ്കൻ ജന്മനാട്ടിലേക്ക് മടങ്ങും.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹ്‌റൈന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ലഭിച്ചാണ് ശശാങ്കൻ പവിഴ ദ്വീപിലേക്ക് എത്തുന്നത്. എന്നാല്‍ ഏറെ നാളുകള്‍ ഈ ജോലിയില്‍ തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഔദ്യോഗിക രേഖകളുടെ കാലാവധി കൂടി അവസാനിച്ചതോടെ അദ്ദേഹം കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിനിടെ നാട്ടിലുണ്ടിയിരുന്ന കുടുംബവുമായി നിലനിന്നിരുന്ന ബന്ധവും ഏതാണ്ട് ശശാങ്കന് നഷ്ടമായിരുന്നു.
ചെറിയ ജോലികള്‍ കണ്ടെത്തി ജീവിക്കാനുള്ള പണം സമ്പാദിക്കാന്‍ കഴിഞ്ഞെങ്കിലും രേഖകള്‍ ശരിയാക്കാനോ നാട്ടിലേക്ക് തിരികെയെത്താനോ ശശാങ്കന് കഴിഞ്ഞില്ല. ആറ് വര്‍ഷത്തോളമായി എക്കറിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇതിനിടെ ശശാങ്കൻ്റെ ജീവിതത്തെക്കുറിച്ച് അറിഞ്ഞ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി ബഹ്‌റൈന്‍ പ്രതിഭയാണ് അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു വന്നിരുന്നത്.
സാമൂഹിക പ്രവര്‍ത്തകനായ സുബൈര്‍ കണ്ണൂരിന്റെ നേതൃത്വത്തിൽ അൻവർ ശൂരനാടും സംഘവുമാണ് ശശാങ്കനെ ജന്മനാട്ടില്‍ എത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയത്. സാമൂഹിക പ്രവര്‍ത്തകരായ അന്‍വര്‍ ശൂരനാട്, നാഷാദ് പൂനൂര്‍, ബിനു മണ്ണില്‍, അന്‍വര്‍ കണ്ണൂര്‍, സിറാജ് മാമ്പ, ഷബീര്‍ തങ്ങള്‍ തുടങ്ങിയവരും ശശാങ്കനെ ഉറ്റവരുടെ അടുത്തെത്തിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ശക്തിയേകി.
പ്രതിഭ ഹെല്‍പ്പ് ഡെസ്‌കും സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചതോടെ രേഖകള്‍ വേഗത്തില്‍ ശരിയാക്കാന്‍ സാധിച്ചു. ഐസിആര്‍എഫ് അംഗമായ അഡ്വ. മാധവന്‍ കല്ലത്ത് വിമാന യാത്ര ടിക്കറ്റും എടുത്ത് നല്‍കിയതോടെ ശശാങ്കന്റെ നാട്ടിലേക്കുള്ള മടക്കം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ഭാര്യയും രണ്ട് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായ ശശാങ്കന് പ്രവാസം സ്മ്പാദ്യങ്ങളൊന്നും നല്‍കിയിട്ടില്ല. പക്ഷേ ദുരിത ജീവിതത്തിന് വിരാമമിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മടക്കയാത്രയ്ക്ക് സഹായിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ശശാങ്കൻ പറഞ്ഞു.