മനാമ: കോവിഡിനെ തുരത്താന്‍ പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയും കിരീടവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ തീരുമാനത്തെ പ്രശംസിച്ച് ആരോഗ്യ മന്ത്രി ഫഈഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ്. ഫോർമുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രിക്‌സ്, ഫോര്‍മുല വണ്‍ റോളക്‌സ് സാഖീര്‍ ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ മത്സരങ്ങള്‍ കാണാന്‍ കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് അധിവസിക്കുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കായി പോരാടുന്നവരോടുള്ള ആദരവ് രേഖപ്പെടുത്തുകയാണ് ഇതിലൂടെ ബഹ്‌റൈന്‍ ചെയ്തിരിക്കുന്നത്. നേരത്തെ കാണികളില്ലാതെയാണ് ഫാര്‍മൂല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രിക്‌സ്, ഫോര്‍മുല വണ്‍ റോളക്‌സ് സാഖീര്‍ ഗ്രാന്‍ഡ് പ്രിക്‌സ് എന്നീ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
ആരോഗ്യ പ്രവര്‍ത്തകരുടെ ശക്തിയും കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങളെയും ഉത്തേജിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിയൊരുക്കുമെന്ന് ആരോഗ്യ മന്ത്രി ഫഈഖ ബിന്‍ത് സയ്യിദ് അല്‍ സലാഹ് ചൂണ്ടിക്കാണിച്ചു. ഈ മാസം 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക.