മനാമ: ജിദ്ദയിലെ പെട്രോള്‍ സ്‌റ്റേഷന് നേരെയുണ്ടായ ഹുതി ആക്രമണത്തെ അപലപിച്ച് ബഹ്‌റൈന്‍. ഇറാന്റെ പിന്തുണയോട് കൂടി ഹുതി വിമതര്‍ സൗദിയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ ആക്രമണങ്ങള്‍ ചെറുക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ ജിദ്ദയിലെ പെട്രോളിയം ഡിസ്ട്രിബ്യൂഷന്‍ കേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് ഹുതി ആക്രമണമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഈ വര്‍ഷം സൗദിയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഹുതി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയോടു കൂടി ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ നേരത്തെ ബഹ്‌റൈന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദമുയരേണ്ടതുണ്ടെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാന്‍ സൗദിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.