മനാമ: കോവിഡ് പ്രതിരോധത്തിൽ 2 മില്യൺ പരിശോധനകളെന്ന നാഴികക്കല്ല് പിന്നിട്ട് ബഹ്റൈൻ. നവംബർ 25 വരെയുള്ള കണക്കുകൾ പുറത്ത് വരുമ്പോൾ 2003210 പേരെയാണ് ബഹ്റൈനിൽ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയത്. ഇതോടെ കോവിഡിനെ ക്രിയാത്മ നേരിട്ട ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ ഇടം നേടുകയാണ് ബഹ്റൈൻ. നിലവിൽ 1510 പേർ മാത്രമാണ് രാജ്യത്ത് വൈറസ് ബാധിതരായി തുടരുന്നത്. ഇവരിൽ 12 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
ഇന്നലെ നവംബർ 25 ന് 24 മണിക്കൂറിനിടെ 10026 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 169 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ അത്രയും പേർ തന്നെ രോഗമുക്തരായത് കൗതുകമായി. രണ്ടാം തവണയാണിത് ബഹ്റൈനിൽ ഒരേ ദിനം രോഗം സ്ഥിരീകരിക്കുന്നതും രോഗമുക്തി നേടുന്നതും തുല്യമായി വരുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ പ്രവാസി തൊഴിലാളികളാണ്. മറ്റുള്ളവർക്ക് സമ്പര്‍ക്കത്തിലൂടെയും വിദേശത്ത് നിന്ന് എത്തിയത് വഴിയുമാണ് രോഗം പകര്‍ന്നിരിക്കുന്നത്.
ഇന്നലെയും മരണങ്ങളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസ വാർത്തയായി. 340 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. നാലാഴ്ചകൊണ്ട് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസവാർത്തയാവുന്നുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകി തുടങ്ങിയിട്ടുണ്ട്. ഒരു സമയം പരമാവധി 30 പേർക്കാണവസരം. നവംബർ 8 മുതൽ പള്ളികളിൽ ളുഹ്ർ നമസ്കാരം നിർവഹിക്കാനും അനുമതിയായിട്ടുണ്ട്.