മനാമ: ബഹ്‌റൈന്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയെ ഇല്ലായ്മ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും പ്രമുഖ മോട്ടോര്‍സൈക്കിള്‍ റൈഡിങ് ഗ്രൂപ്പായ പ്ലെഷര്‍ റൈഡേഴ്സുമായി സംയുക്തമായി ബോധവല്‍ക്കരണ ക്യാംപെയ്ന്‍ സംഘടിപ്പിച്ചു. ജോലി നഷ്ടപ്പെടുക, ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കോവിഡ് കാലത്ത് ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇതിനെതിരെ പ്രവാസ ലോകത്ത് അവബോധം സൃഷ്ടിക്കുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം.
‘അവെയര്‍നെസ്സ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ നടത്തിയ ക്യാപെയ്‌ന് ക്യാപ്റ്റന്‍ ഉമേഷ് ബാബുവിന്റെ നേതൃത്വം നല്‍കി. അഡ്മിന്‍ പ്രതിനിധികളായ അരുണ്‍, അജിത്, രഞ്ജിത്, പ്രസാദ്, നിതിന്‍, അനീഷ്, വിന്‍സു എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ച റൈഡ് ബഹ്‌റൈനിലെ ഇന്ത്യന്‍ ക്ലബ്ബില്‍ നിന്ന് പുറപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയര്‍മാന്‍ അരുള്‍ദാസ് റൈഡ് ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രന്‍ , ജനറല്‍ സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ജോയിന്റ് ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍ തുടങ്ങിയ മറ്റു ഐസിആര്‍എഫ് പ്രതിനിധികളും ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ് തുടങ്ങിയ പ്രമുഖ വ്യക്തികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
ബഹ്‌റൈനിലെ വിവിധ ലേബര്‍ ക്യാമ്പുകളിലേക്ക് പ്ലെഷര്‍ റൈഡേഴ്സ് ഗ്രൂപ്പ് മോട്ടോര്‍സൈക്കിള്‍ റൈഡ് നടത്തി ഓരോ ക്യാമ്പുകളിലും വസിക്കുന്ന അനേകം പ്രവാസി തൊഴിലാളികള്‍ക്ക് ആത്മഹത്യാ പ്രവണത മറികടക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ സഹായം ആവശ്യപ്പെടുന്നതിനുള്ള ഫോണ്‍ നമ്പറുകളും ഈ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഐസിആര്‍എഫ് സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍ പ്ലെഷര്‍ റൈഡേഴ്സ് ഗ്രൂപ്പ് അംഗങ്ങള്‍ ക്യാമ്പില്‍ വിതരണം ചെയ്തു. ബോധവല്‍ക്കരണം പ്രവാസി തൊഴിലാളികള്‍ക്ക് വലിയ തോതില്‍ ആശ്വാസമേകിയതായി ക്യാമ്പുകളിലെ പ്രതിനിധികള്‍ പിന്നീട് പ്രതികരിച്ചു.