ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സായുധപോലീസ് സേനയെ ഉപയോഗിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം. കര്‍ഷകരുടെ പ്രക്ഷോഭങ്ങളെ സായുധ സേനയുടെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദില്ലിയിലേക്ക് എത്തുന്ന കര്‍ഷകരെ പോലീസ് നിഷ്‌കരുണം ആക്രമിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഹരിയാനയും ഡെല്‍ഹി പോലീസും വന്യമൃഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്. വിവേചനത്തിനും അനീതിക്കും എതിരായ പോരാട്ടത്തില്‍ കര്‍ഷകരുടെ പ്രതിബദ്ധതയെയും സമര്‍പ്പണത്തെയും ഇന്ത്യൻ സോഷ്യൽ ഫോറം അഭിനന്ദിക്കുകയാണ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ഉറപ്പുനല്‍കുന്നതിനുള്ള നിയമം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നതിനെതിരെ കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ധാര്‍ഷ്ട്യവും കൃത്യതയില്ലാത്തതുമായ വാദം അപലപനീയമാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ വിഡ്ഢിത്തം കളിക്കുകയും കര്‍ഷകരുമായുള്ള ചര്‍ച്ച ഒഴിവാക്കുകയുമാണ്. കൃഷിക്കാരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിന് വിരുദ്ധമായ നിയമങ്ങളിലൂടെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും അടിയറവെക്കാന്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കര്‍ഷകരുടെ പോരാട്ടത്തെ ആത്മാര്‍ത്ഥമായി പിന്തുണയ്ക്കുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉം വക്തമാക്കി.
