മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് ൻറെ വൻ വിജയത്തിൽ പങ്കാളികളായവരെ പ്രകീർത്തിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. കോവിഡ് പശ്ചാത്തലത്തിൽ നീട്ടിവെക്കപ്പെട്ട സാഹചര്യത്തെ ഫലപ്രദമായി അതിജീവിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് ലോക ജനശ്രദ്ധയാകർഷിക്കാനായത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃഗുണവും ഒറ്റക്കെട്ടായുള്ള ജനതയുടെ പ്രതിരോധവും ഒന്നുകൊണ്ട് മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ്-19 തീർത്ത പ്രതിസന്ധികളെ തരണം ചെയ്തു എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടെയും റേസ് നടത്താൻ മുന്നിട്ടിറങ്ങിയ പരിപാടിയുടെ സംഘാടകർ, ആരോഗ്യ പ്രവർത്തകർ, മിലിട്ടറി-സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരെ പ്രധാനമന്ത്രി എടുത്തു പറയുകയുണ്ടായി. മിഡിൽ ഈസ്റ്റിലെ കാറോട്ട മത്സരത്തിൻറെ ഈറ്റില്ലമായ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ വാശിയേറിയ പ്രകടനം കാഴ്ചവെച്ചു വെന്നിക്കൊടി പാറിച്ചവരെയും അഭിനന്ദിക്കാൻ മറന്നില്ല. മത്സരം കാണാൻ നേരിട്ടെത്തിയായിരുന്നു പ്രധാനമന്ത്രി സ്ഥിതി ഗതികൾ നോക്കിക്കണ്ടത്. പതിവിൽ നിന്ന് വിപരീതമായി കാണികളില്ലാതിരുന്ന സ്റ്റേഡിയത്തിൽ കോവിഡ് പ്രതിരോധത്തിലെ മുൻ നിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്കും അടുത്ത ബന്ധുക്കൾക്കും മത്സരം സൗജന്യമായി കാണാൻ അവസരം ഒരുക്കിയായിരുന്നു ബഹ്‌റൈൻ അവരോടുള്ള തങ്ങളുടെ ആദരവറിയിച്ചത്.
ഒപ്പം തന്നെ പരിപാടിയുടെ വിജയത്തിൽ രാജാവിനെ അഭിനന്ദിച്ച് പാലിമെൻറ് സ്‌പീക്കർ, ശുറാ കൌൺസിൽ ചെയര്മാൻ, കായിക മന്ത്രി, ഇൻഫർമേഷൻ മിനിസ്റ്റർ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രെട്ടറി എന്നിവരും രംഗത്തു വന്നിരുന്നു.