മനാമ: ബഹ്‌റൈനിലേക്കു വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ്-19 പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായി കുറച്ചു. ഇന്ന് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ച മുതൽ തീരുമാനം പ്രാബല്യത്തില്‍ വരും. കോവിഡ്-19 മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാര്‍ക്ക് വിമാനതാവളത്തില്‍ ഇറങ്ങുമ്പോഴും രാജ്യത്ത് എത്തി പത്താം ദിവസവുമാണ് കോവിഡ് -പിസിആര്‍ പരിശോധനയുള്ളത്. ഈ പരിശോധനകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 40 ദിനാര്‍ നല്‍കിയാല്‍ മതി. പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇതു ബാധകമാണ്. അതേ സമയം മറ്റു തീരുമാനങ്ങളിലൊന്നും മാറ്റമുണ്ടാവില്ല.
ജൂലായ് 21 മുതലായിരുന്നു രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ക്ക് 60 ദിനാറിന് രണ്ട് കോവിഡ്-19 പരിശോധന നിര്‍ന്ധമാക്കിയത്. ആഗസ്ത് 20 മുതല്‍ വിമാന താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരുടെ ക്വാറന്റയ്ന്‍ ഒഴിവാക്കിയിരുന്നു. പോസിറ്റീവ് ആകുന്നവരെ ആരോഗ്യ മന്ത്രാലയം ബന്ധപ്പെടും.
പത്ത് ദിവസത്തില്‍ കൂടുതല്‍ ബഹ്‌റൈനില്‍ തങ്ങുന്നവരാണ് പത്താം ദിവസം രണ്ടാമത്തെ പിസിആര്‍ പരിശോധന നടത്തേണ്ടത്. യാത്രക്കാര്‍ ‘ബി അവൈര്‍ ബ്ഹറൈന്‍’ ആപ് മൊബൈലില്‍ പ്രവര്‍ത്തനക്ഷമമാക്കണം.
യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് വരും മുന്‍പ് തന്നെ ‘ബീഅവെയര്‍ ബഹ്‌റൈന്‍’ ആപ്പു വഴിയോ യാത്രക്കാരുടെ ആശ്രിതർക്ക് Bahrain.bh എന്ന വെബ് സൈറ്റ് വഴിയോ മൂന്‍കൂറായി പണമടക്കാം. വിമാനതാവളത്തിലെ കിയോസ്‌ക് കൗണ്ടറുകള്‍ വഴിയും പണമടക്കാന്‍ സൗകര്യമുണ്ട്. 60 ദിനാറിൽ നിന്നും 40 ആയി കുറച്ചത് യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനമായി.