മനാമ: ഫോർമുല വൺ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച നടന്ന ബഹ്റൈൻ ഗ്രാൻ്റ് പ്രീയിൽ ചാമ്പ്യനായ മെഴ്സിഡസ് താരത്തിന് ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ചെറു ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ താരത്തെ ഐസൊലേഷനിലേക്ക് മാറ്റി. സമ്പർക്കത്തിലേർപ്പെട്ടവർക്ക് വീണ്ടും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഈ വാരാന്ത്യം ബഹ്റൈനിൽ നടക്കാനിരിക്കുന്ന സാഖിർ ഗ്രാൻ്റ് പ്രിക്സിൽ മെഴ്സിഡസിനായി ഹാമിൽട്ടന് ഇറങ്ങാൻ സാധിച്ചേക്കില്ല. ഏഴു തവണ ലോക ചാമ്പ്യനായ താരത്തിന് പകരക്കാരനായി മെഴ്സിഡസ് ആരെ ഇറക്കുമെന്നാണ് ഫോർമുല വൺ ലോകവും ആരാധകരും ഉറ്റുനോക്കുന്നത്.
സീസണിലെ തുടർച്ചയായ 11ാം ജയത്തോടെയാണ് കഴിഞ്ഞ വാരം ഹാമിൽട്ടൻ വീണ്ടും ലോക ചാമ്പ്യൻ കിരീടം നിലനിർത്തിയത്. ഒപ്പം തന്നെ കരിയറിലെ 95 മത് ജയവും സ്വന്തം പേരിൽ കുറിച്ചിരുന്നു. കാറോട്ടമത്സരത്തിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയ താരമായി ഇതോടെ ഹാമിൽട്ടൺ മാറി. 44 ലാപ്പില്‍ രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 47 സെക്കന്റിലാണ് 35 കാരനായ ഹാമില്‍ട്ടണ്‍ മെര്‍സിഡ്‌സിനെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ വിജയ തേരാക്കി മാറ്റിയത്.