മനാമ: ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റിജിക് സ്റ്റഡീസ് (IISS) ൻ്റെ ഭാഗമായി നടത്തുന്ന 16ാമത് മനാമ ഡയലോഗിന് വെള്ളിയാഴ്ച തുടക്കമായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഡയലോഗ് മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ സുരക്ഷാ ഉച്ചകോടിയായാണ് വിലയിരുത്തപ്പെടുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, സൗദി, ജോർദ്ദാൻ വിദേശകാര്യ മന്ത്രിമാർ അടക്കം നിരവധി ലോക നേതാക്കൾ ആദ്യദിനം തന്നെ ബഹ്റൈനിലെത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, പ്രതിരോധ മന്ത്രിമാര്‍, വിദേശകാര്യ മന്ത്രിമാര്‍, സുരക്ഷാ സമിതി ഉപദേഷ്ടാക്കൾ, സൈനിക കമാൻഡര്‍മാര്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര് തുടങ്ങിയവര്‍ അണിനിരക്കുന്ന വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളാണ് മനാമ ഡയലോഗിൽ പുരോഗമിക്കുന്നത്. മേഖലയിലെ വിദേശകാര്യ നയം, സുരക്ഷാ നയം എന്നിവയും അവക്ക് മുന്നിലുള്ള വെല്ലുവിളികളും ചര്‍ച്ചയാകും. വിവിധ രാജ്യങ്ങളില്‍നിന്നും 3,000 ത്തോളം പേരാണ് മനാമ ഡയലോഗില്‍ പങ്കെടുക്കുന്നത്. കൂടാതെ നേതാക്കള്‍ തമ്മില്‍ പ്രത്യേക അനുബന്ധ യോഗങ്ങളും നടക്കുന്നുണ്ട്.
മേഖലയിലെ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതിൽ ബഹ്റൈൻ്റെ പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ഇസ്രായേലുമായി ബഹ്റൈനും യു എ ഇ യും തമ്മിലുണ്ടാക്കിയ കരാർ മധ്യപൂർവേഷ്യ മേഖലക്ക് പുത്തനുണർവ് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.