പത്ത് മാസത്തോളം യമനിലെ ഹൂതി വിമതരുടെ തടവിലകപ്പെട്ട് മോചിതരായ മലയാളികളടങ്ങുന്ന ഇന്ത്യക്കാരുടെ സംഘം ഇന്ന് നാടണയും

IMG-20201205-WA0137

മനാമ: പത്ത് മാസത്തോളം യമനിൽ ഹൂതി വിമതരുടെ തടവിലകപ്പെട്ട് കഴിഞ്ഞ വാരം മോചിതരായ രണ്ട്​ മലയാളികൾ ഉൾപ്പെടെയുള്ള 14 ഇന്ത്യക്കാർ ഇന്ന് ഡിസംബർ 6, ഞായറാഴ്​ച നാടണയും. കഴിഞ്ഞ നവംബർ 28നായിരുന്നു സംഘം മോചിതരായത്. തുടർന്ന് യമനിലെ ഇന്ത്യൻ എംബസി അധികൃതരുടെ മേൽനോട്ടത്തിൽ യമൻ തലസ്ഥാനമായ സനായിലെ ഹോട്ടലിൽ മടക്കയാത്രയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകും വരെ താമസിച്ചു വരികയായിരുന്നു ഇവർ.

വടകര സ്വദേശി ടി.കെ. പ്രവീണും തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്​തഫയുമാണ് തടവിലകപ്പെട്ട സംഘത്തിലുണ്ടായിരുന്ന മലയാളികൾ. ഇവരെക്കൂടാതെ ഏഴ്​ മഹാരാഷ്​ട്ര സ്വദേശികളും രണ്ട്​ തമിഴ്​നാട്ടുകാരും യു.പി, ബംഗാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരുമാണ്​ സംഘത്തിലുള്ളത്​. തടവിലകപ്പെട്ട മലയാളികളെ സംബന്ധിച്ച വാർത്തകൾ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ഒമാനിലെ ഐലൻഡ്​ ബ്രിഡ്​ജ്​​ ട്രേഡിങ്​ ആൻഡ്​​ ട്രാൻസ്​പോർട്ട്​ ഷിപ്പിങ്​​ കമ്പനിക്ക് കീഴിലുള്ള അൽ റാഹിയ, ദാന -6, ഫരീദ എന്നീ ചെറുകപ്പലുകൾ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഒമാനിലെ മസീറ എന്ന ദ്വീപിൽനിന്ന്​ സൗദിയിലെ യാംബൂ പോർട്ടിലേക്ക്​ പുറപ്പെട്ടത്. മലയാളിയായ പ്രവീൺ കഴിഞ്ഞ 17 വർഷത്തോളമായി ഈ കമ്പനിക്ക് കീഴിൽ ജോലി ചെയ്തു വരികയായിരുന്നു. യാത്രക്കിടെ കാലാവസ്ഥ മോശമായതിനെത്തുടർന്ന്​ ഒപ്പമുണ്ടായിരുന്ന ദാന -6 എന്ന കപ്പൽ മുങ്ങുകയും തുടർന്ന്​ ഇതിലെ ജീവനക്കാർ അൽ റാഹിയ കപ്പലിൽ കയറി യാത്ര തുടരുകയായിരുന്നു. വീണ്ടും കാലാവസ്ഥ മോശമായതിനാൽ ദ്വീപിൽ കപ്പൽ നങ്കൂരമിട്ടു. ഇവിടെ വെച്ചാണ്​, നാല്​ മത്സ്യബന്ധന ബോട്ടുകളിൽ ആയുധങ്ങളുമായി എത്തിയ ഹൂതി വിമതർ ഇവരെ തട്ടിക്കൊണ്ടുപോയിരുന്നത്.

കഴിഞ്ഞ 28ന് മോചിതരായ സംഘം ഇന്നലെ കോവിഡ്​ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചാണ്​ യമനിലെ ഏദൻ വിമാനത്താവളത്തിൽ നിന്ന്​ യാത്ര തിരിച്ചത്​. ശനിയാഴ്​ച രാവിലെ 12.45ന്​ യമനിലെ ഏദൻ വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട സംഘം വൈകീട്ട്​ 6.45 ഓടെ ദുബൈയിൽ എത്തി. ഇവിടെ തങ്ങുന്ന സംഘം ഇന്ന് ഞായറാഴ്ച രാവിലെ 9.30നാണ് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ മുംബൈക്ക്​ യാത്രയായത്. വടകര സ്വദേശി ടി.കെ. പ്രവീണും തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്​തഫയും രാത്രി 9.30ന്​ മുംബൈയിൽനിന്ന്​ കണ്ണൂരിലേക്ക്​ തിരിക്കുമെന്ന് സംഘത്തിന് സഹായമേകിയ സാമൂഹിക പ്രവർത്തകനും പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കണ്ട്രി ഹെഡുമായ സുധീർ തിരുനിലത്ത് ബഹ്റൈൻ വാർത്തയോട് പറഞ്ഞു. മോചനത്തിനും നാടണയാൻ സഹായകുന്നതിനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യമൻ ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും പ്രവാസി ലീഗൽ സെൽ യു എ ഇ  ഹെഡ് ശ്രീധരൻ പ്രസാദുമടക്കമുള്ളവർ നടത്തിയ പരിശ്രമങ്ങളും അദ്ദേഹം സൂചിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!