മനാമ: ബഹ്റൈനിൽ നടന്ന ഈ വർഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ഫോർമുല വൺ ഗ്രാൻഡ് പ്രീ ഫൈനൽ മത്സരത്തിൽ കിരീടം ചൂടി മെക്സിക്കൻ താരം സെർജിയോ പെരേസ്. ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ടിൽ അരങ്ങേറിയ സാഖിർ ഗ്രാൻഡ് പ്രീയിലെ ഫൈനൽ മത്സരത്തിലാണ് റേസിംഗ് പോയിൻ്റ് താരം കിരീടം ചൂടിയത്. 30കാരനായ സെർജിയോ പെരേസിൻ്റെ കരിയറിലെ ആദ്യ ഫോർമുല വൺ കിരീടമാണിത്.
Checo will never forget this moment #SakhirGP 🇧🇭 #F1 pic.twitter.com/RI3R5oTAdN
— Formula 1 (@F1) December 6, 2020
റെനോൾട്ട് താരം എസ്റ്റബാൻ ഒകോൺ രണ്ടാമതായും റേസിംഗ് പോയിൻ്റിൻ്റെ തന്നെ ലാൻസ് സ്ട്രോൾ മൂന്നാമതായും സെക്കൻ്റുകളുടെ വ്യത്യാസത്തിൽ സാഖിർ ഗ്രാൻ്റ് പ്രീയുടെ ഫിനിഷിംഗ് ലൈൻ തൊട്ടു.
യോഗ്യതാ മത്സരത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കിയിരുന്ന മെഴ്സിഡസ് താരങ്ങളായ വാൾട്ടേരി ബൊട്ടാസും ഹാമിൽട്ടൻ്റെ പകരക്കാരനായിറങ്ങിയ ജോർജ് റസലും എട്ടും ഒൻപതും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. ആകെയുള്ള 87 ലാപുകളിൽ 63 വരെ മുന്നിട്ടു നിന്നിരുന്ന റസൽ ടയർ പഞ്ചറായത് മൂലം തുടർന്ന് പിന്തള്ളപ്പെടുകയായിരുന്നു. മത്സരത്തിന് മുൻപുള്ള പ്രവചനങ്ങളിൽ 48% പേരും സെലിനൊപ്പമായിരുന്നു. ഡ്രൈവർ ഓഫ് ദി ഡേ എന്ന വിശേഷണം വാങ്ങിയാണ് താരം ഇന്ന് ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് വിടുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇരു പരിശീലന മത്സരങ്ങളിലും മെഴ്സിഡസിൻ്റെ തേരാളി ജോർജ് റസലായിരുന്നു ഒന്നാമതെത്തിയിരുന്നത്. ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൻ കോവിഡ് ബാധിതനായി പിൻവാങ്ങിയതിനെത്തുടർന്ന് പകരക്കാരനായാണ് 22കാരനായ ജോർജ് റസൽ ട്രാക്കിലിറങ്ങിയിരുന്നത്.
യോഗ്യതാ മത്സരത്തിൽ മൂന്നാമതും നാലാമതുമായി ഫിനിഷ് ചെയ്തിരുന്ന റെഡ് ബുള്ളിൻ്റെ മാക്സ് വെർസ്റ്റാപ്പനും ഫെരാരിയുടെ ചാൾസ് ലെക്ലാർക്കും തുടക്കം തന്നെ മതിലിൽ തട്ടിയിടിച്ച് മത്സരം പൂർത്തീകരിക്കാനാവാതെ പുറത്താകേണ്ടി വന്നു. ഇവരുടെ അഭാവത്തിലായിരുന്നു നാലാമത്തെ പൊസിഷനിൽ മത്സരം തുടരാൻ പെരേസിന് അവസരം ലഭിച്ചത്.
കഴിഞ്ഞയാഴ്ച നടന്ന ബഹ്റൈൻ ഗ്രാൻറ് പ്രീയിൽ ലൂയിസ് ഹാമിൽട്ടനായിരുന്നു ജേതാവായത്. ഇതിനുശേഷം കോവിഡ് സ്ഥിരീകരിച്ചതിനേ തുടർന്ന് അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു. സീസണിലെ 11 ജയങ്ങൾ ഹാമിൽട്ടൻ സ്വന്തമാക്കിയിരുന്നു.
മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ മൈക്കിൾ ഷുമാക്കറിൻ്റെ മകൻ മിക്ക് ഷുമാക്കർ 2020ലെ ഫോർമുല-2 ലോക കിരീടം ചൂടിയതിനും ഇന്ന് ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ട് സാക്ഷിയായി. അടുത്ത വർഷത്തോടെ മിക്ക് ഷുമാക്കർ ഫോർമുല വൺ മത്സരങ്ങൾക്ക് ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Photo credits: official F1 pages