വീര ജവാൻമാർക്ക് ആദരവർപ്പിച്ച് സദസിനെ മൗനത്തിലാഴ്ത്തി രൺവീർ, ആർത്തു വിളിച്ച ആരാധകർക്ക് നടുവിൽ വികാര നിർഭരനായി വിജയ് സേതുപതി; താരപ്പകിട്ടിൽ വർണാഭമായി ഏഷ്യാവിഷൻ മൂവീ അവാർഡ്സ്

IMG_3776_wm

ദുബായ്: താരപ്പകിട്ടിൽ വർണാഭമായൊരു പുരസ്കാര രാവിൽ നിന്നും ആസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച പതിമൂന്നാമത് ഏഷ്യാവിഷൻ മൂവീ അവാർഡ്സ് ജനസ്വീകാര്യതയിൽ ശ്രദ്ധേയമായിരുന്നു. ഗ്ലോബൽ വില്ലേജിൽ തടിച്ചുകൂടിയ ആരാധക വൃന്ദങ്ങൾക്ക് മുന്നിൽ തങ്ങളുടെ വിസ്മയകരമായ പ്രകടങ്ങൾക്കുള്ള അവാർഡും സ്നേഹവും നെഞ്ചിലേറ്റിയാണ് താരങ്ങൾ ദുബൈയോട് വിട പറഞ്ഞത്.

തങ്ങളുടെ പ്രിയ താരങ്ങൾ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയപ്പോൾ ആകാംക്ഷയോടെ അവരെ സ്വീകരിക്കാൻ ആയിരക്കണക്കിന് പ്രേക്ഷകരാണ് ദുബായ് ഗ്ലോബൽ വില്ലേജിൽ ഒത്തു ചേർന്നത്.

രൺവീർ സിങ്, ആയുഷ്മാൻ ഖുറാനാ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ മഞ്ജു വാര്യർ, തൃഷ, ടോവിനോ തോമസ്, ജോജോ, വിജയ് സേതുപതി തുടങ്ങി ഒട്ടനവധി പേരാണ് 13-മത് ഏഷ്യ വിഷൻ അവാർഡിന് എത്തിച്ചേർന്നത്. 2006 മുതൽ തുടർച്ചയായി നൽകി വരുന്ന ഈ അവാർഡിൽ താരങ്ങൾക്ക് പുറമെ സംവിധായകരുൾപ്പെടെ സിനിമയുടെ മറ്റു അണിയറ പ്രവർത്തകർക്കും അവാർഡുകൾ ഉണ്ടായിരുന്നു.

സദസിനെ ഇളക്കി മറിച്ച ആർപ്പാരവങ്ങൾക്ക് നടുവിലൂടെയായിരുന്നു സ്റ്റാർ ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങാനായി രൺവീർ സിംഗ് വേദിയിലെത്തിയത്. തനിക്കായി മുഴക്കിയ ശബ്ദഘോഷങ്ങളെ മാതൃരാജ്യത്തിനായി വീരമൃത്യു വരിച്ച ജവാൻമാർക്ക് മുന്നിൽ ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിയായിരുന്നു രൺവീർ സംസാരിച്ച് തുടങ്ങിയത്. പദ്മാവതിലെ മാസ്മരിക പ്രകടനത്തെ മുൻ നിർത്തിയായിരുന്നു രൺവീറിന് അവാർഡ്. ബദായി ഹോവിലെയും ആനന്ദധുനിലെയും പ്രകടനം കൊണ്ട് ആയുഷ്മാൻ ഖുറാനാ ബെസ്റ്റ് ആക്ടർ ക്രിറ്റിക് അവാർഡിനായി വേദിയിലെത്തിയപ്പോൾ പ്രേക്ഷകാഭ്യർഥനയിൽ പാടിയ പാട്ടിലൂടായിരുന്നു സദസിന്റെ നിറ സ്നേഹം സ്വീകരിച്ചത്.

സൗത്ത് ഇന്ത്യൻ സിനിമകളിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാനായി ‘മക്കൾ സെൽവൻ’ വിജയ് സേതുപതി എത്തിയപ്പോൾ ജനസ്വീകാര്യതയിൽ ഇളകി മറിഞ്ഞ ആർപ്പാരവങ്ങൾക്കായിരുന്നു വേദി സാക്ഷ്യം വഹിച്ചത്.

96 ലൂടെയും ഹേയ് ജൂഡിലൂടെയും പ്രേക്ഷകരെ വീണ്ടും ത്രസിപ്പിച്ച തൃഷ സിനിമാ ലോകത്തിനുള്ള തന്റെ സമഗ്ര സംഭാവനക്കുള്ള ‘ ആക്ട്രസ് ഓഫ് ദി ഡികേഡ്’ പുരസ്കാരം ഏറ്റുവാങ്ങി. വിജയ് സേതുപതിക്കും തൃഷക്കും ഒപ്പം 96 സിനിമയുടെ സംവിധായകൻ പ്രേം കൂടി വേദിയിലെത്തിയപ്പോൾ വേദി അനശ്വരമായി.

മികച്ച തമിഴ് നടനായി മാരി2 വിലെയും വാടാ ചെന്നൈലെയും പ്രകടനത്തിന് ധനുഷ് അവാർഡ് സ്വീകരിച്ചപ്പോൾ വരത്തനിലെയും മായാ നദിയിലെയും അഭിനയ മികവുകൊണ്ട് ഐശ്വര്യാ ലക്ഷ്മി സ്റ്റാർ ഓഫ് ദി ഇയർ (നടി) പുരസ്‌കാരം നേടി.

എമർജിങ് സ്റ്റാർ അവാർഡ് കരസ്ഥമാക്കിയത് കിയര അദ്വാനിയാണ്. പദ്മാവതിലെ പ്രകടനത്തിന് ജിം സർഭ് മികച്ച വില്ലനായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാള ചലച്ചിത്ര ലോകത്ത് നിന്നും മികച്ച നടനായി ടൊവിനോ തോമസും ആമിയിലെ അഭിനയത്തിന് മികച്ച നടിയായി മഞ്ജു വാര്യരും തങ്ങളുടെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ  ഔട്ട് സ്റ്റാന്റിംഗ് പെർഫോമൻസിനുള്ള അവാർഡ് ഭയാനകത്തിലൂടെ ആശ ശരത് നേടി. മായാനദിയിലെയും തീവണ്ടിയിലെയും പ്രകടനത്തിലൂടെയായിരുന്നു മലയാളത്തിലെ മികച്ച നടനായി ടോവിനോ മാറിയത്.
കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ റോഷൻ അൻഡ്രൂസിനാണ് പോപ്പുലർ മൂവി അവാർഡ് ലഭിച്ചത്.

പേരൻപിലെ മിഴിവാർന്ന അഭിനയത്തിന് സാധന വെങ്കിടേഷ് പ്രത്യേക ജൂറി പുരസ്ക്കാരം നേടി. ഓട് രാജ ഓട് ലെ മികച്ച പ്രകടനത്തിന് വിജയമൂലൻ പ്രേത്യേക പുരസ്‌കാരത്തിന് അർഹനായി.

ലൈഫ്  ടൈം അചീവീമെന്റ അവാർഡിന് ശ്യാം അര്ഹനായപ്പോൾ സ്ടാർ ഓഫ് ദി ഇയർ (നടൻ) ആയി ജോജു ജോർജിനെ തിരഞ്ഞെടുത്തു. ഈ മ യൗ വിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. സക്കറിയായുടെ സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച ചിത്രം.

മികച്ച സംഗീത സംവിധായകനായി ഗോപി സുന്ദർ, മികച്ച ഗായകനായി ഹരി നാരായണൻ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി. മികച്ച ഫാമിലി എന്റർടൈന്മെന്റ് സിനിമ സംവിധായകനായി രമേശ് പിഷാരടിയും വേദിയിൽ സന്നിഹിതനായിരുന്നു.

ആന്റണി വർഗീസാണ് മികച്ച യുവ താരം. ചെമ്പൻ വിനോദിനും ഔട്ട് സ്റ്റാന്റിംഗ് പുരസ്ക്കാരം ലഭിച്ചു. പുതുമുഖ താരങ്ങളായി സാനിയ ഇയ്യപ്പനും നികേഷ് രാമും പുരസ്കാരം സ്വന്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!