ഇരിങ്ങൽ – കോട്ടക്കൽ : സാമൂഹിക ക്രമങ്ങളിലുള്ള മാറ്റങ്ങളാണ് ജീവിത ശൈലീ രോഗങ്ങൾ വർദ്ദിക്കാൻ പ്രധാന കാരണമെന്ന് ഡോ. മുഹമ്മദ് അജ്മൽ അഭിപ്രായപ്പെട്ടു. വാട്സാപ്പ് കൂട്ടായ്മ ആയ കെ.എം.എസ്.ജി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ “ജീവിത ശൈലീ രോഗങ്ങൾ – അറിയേണ്ടതും കരുത്തേണ്ടതും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയങ്ങൾ അറിയാത്തതല്ല പ്രശ്നം മറിച്ചു അത് ജീവിതത്തിൽ നടപ്പിലാക്കാനുള്ള വിമുഖതയാണ് മലയാളികളുടെ പ്രശ്നം. രോഗങ്ങൾ വന്നു ചികില്സിക്കുന്നതിനപ്പുറം നമ്മുടെ ജീവിതത്തിന്റെ ശീലങ്ങൾ ആരോഗ്യകരമാക്കുക എന്നതാണ് അഭികാമ്യം. ഭക്ഷണക്രമംത്തിലെ മാറ്റം, വ്യായാമം ഇല്ലായ്മ, ഉറക്ക കുറവ് , രോഗം വരുമ്പോൾ ആവശ്യമായ ചികിത്സ എടുക്കാതിരിക്കൽ തുടങ്ങിയവയൊക്കെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനിൽ കൂടി നടന്ന പരിപാടി ജമാൽ നദ്‌വി ഇരിങ്ങൽ ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെയും പ്രവാസലോകത്തെയും അനേകം അകാല മരണങ്ങൾക്ക് പിന്നിൽ ജീവിത ശൈലീ രോഗങ്ങൾ ഒരു പ്രധാന കരണമാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിൽ തന്നെ ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവയാണ് മുന്നിൽ നിൽക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പങ്കെടുത്തവരുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിയായ വിവിധ ചോദ്യങ്ങൾക്ക് ഡോ. മുഹമ്മദ് അജ്മൽ മറുപടി പറഞ്ഞു. ബഹ്‌റൈൻ, സഊദി അറേബ്യാ, ഖത്തർ, കുവൈത്ത്, ഒമാൻ, ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുള്ള കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ കോട്ടക്കൽ പ്രദേശത്തുള്ള നാട്ടുകാരും പ്രവാസികളും ചേർന്ന് രൂപം കൊടുത്ത ജീവകാരുണ്യ വാട്സ്ആപ് കൂട്ടായ്മയാണ് കുഞ്ചാലി മരക്കാർ സൗഹൃദ ഗ്രൂപ്പ്. നിസാർ തൗഫീഖ്, ഇസ്മായിൽ ടി.ടി, ഷമീർ പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.എം.എസ്.ജി. ചീഫ് കോർഡിനേറ്റർ അഷ്‌റഫ് മോയച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി മജീദ് എപ്പറമ്പത്ത് സ്വാഗതവും യൂനുസ് പുനത്തിൽ നന്ദിയും പറഞ്ഞു. മുഹമ്മദലി ഖുർആനിൽ നിന്നും അവതരിപ്പിച്ചു.