മനാമ: ഇന്ത്യൻ എംബസി ബഹ്‌റൈൻ രക്ഷാകർതൃത്വത്തിലുള്ള ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ചു ഈ വർഷത്തെ ഫേബർ കാസിൽ സ്പെക്ട്ര 2020 ആർട്ട് കാർണിവലിന് മികച്ച പ്രതികരണം.
പതിവിൽ നിന്ന് വ്യത്യസ്തമായി കോവിഡ് സാഹചര്യമായതിനാൽ ഓൺലൈനിലൂടെ നടത്തിയ പരിപാടി മത്സരാർഥികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300ൽപരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല ആർട്ട് കാർണിവൽ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആർട്ട് കാർണിവൽ ബഹ്‌റൈനിലെ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണ്.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോ. സെക്രട്ടറി പങ്കജ് നല്ലൂർ, സ്പെക്ട്ര കൺവീനർ റോസലിൻ റോയ്, ജോ. കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, ശ്രീധർ, നിഷ രംഗരാജൻ, മുരളീകൃഷ്ണൻ, സുരേഷ് ബാബു, നാസർ മഞ്ചേരി, സുധീർ തിരുനിലത്ത്, സുനിൽ കുമാർ, പവിത്രൻ നീലേശ്വരം, സുബൈർ കണ്ണൂർ, കെ.ടി. സലിം, ക്ലിഫ്‌ഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, ഫേബർ കാസ്റ്റിൽ കൺട്രി ഹെഡ് സഞ്ജയ് ബാൻ എന്നിവർ പങ്കെടുത്തു.
പതിവുപോലെ പങ്കെടുക്കുന്ന കുട്ടികളെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു – അഞ്ച് മുതൽ എട്ട് വയസ്സ് വരെ, എട്ട് മുതൽ പതിനൊന്ന് വയസ്സ്, പതിനൊന്ന് മുതൽ പതിനാല് വയസ്സ്, പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെ. ഇവരെ കൂടാതെ, 18 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള വിഭാഗത്തിൽ കുറച്ചു പേരും മത്സരത്തിൽ ചേർന്നു.
പങ്കെടുക്കുന്ന എല്ലാവർക്കും ഡ്രോയിംഗ് പേപ്പറും മെറ്റീരിയലുകളും നൽകി. ഓരോ വിഭാഗത്തിലും മികച്ച മൂന്ന് വിജയികൾക്ക് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. സ്കൂളുകളിലേക്ക് റോളിംഗ് ട്രോഫിയും സമ്മാനിക്കും.
കുട്ടികളുടെ വിജയിച്ച എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2021-ൽ രൂപകൽപ്പന ചെയുന്ന വാൾ കലണ്ടറുകളിലും ഡെസ്ക്-ടോപ്പ് കലണ്ടറുകളിലും കാണപ്പെടും. ഈ കലണ്ടറുകൾ 2021 ജനുവരി 2 ന് നടക്കുന്ന സമ്മാന വിതരണ ചടങ്ങിൽ വെച്ചു വിതരണം തുടങ്ങും. ഈ കലണ്ടറുകൾ എല്ലാ സ്പോൺസർമാർക്കും, കോർപ്പറേറ്റുകൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, ബിസിനസുകൾ എന്നിവയിലെല്ലാം വിതരണം ചെയ്യും.
മത്സരത്തിൽ നിന്നുള്ള ആകെ വരുമാനം ഐ സി ആർ എഫ് ൻ്റെ കുടുംബക്ഷേമ ഫണ്ടിലേക്ക് ആണ് പോവുന്നത്. ബഹ്റൈനിൽ മരണമടഞ്ഞ, പ്രതിമാസം BD100 ൽ താഴെ വേതനം ലഭിച്ചിരുന്ന ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് ആകും ഇത് ഉപയോഗിക്കുക.