മനാമ: 49 മത് ദേശീയ ദിനത്തെ വരവേൽക്കാനൊരുങ്ങി ബഹ്റൈൻ. ദേശീയ പതാകയും വർണങ്ങളുമായി രാജ്യമുടനീളം ദീപാലങ്കാര പ്രഭയിൽ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഒപ്പം തന്നെ രണ്ട് ദിനങ്ങളിലായി മൂന്നിടത്ത് വർണ പ്രഭ പരത്തുന്ന ഫയർ വർക്സും വീക്ഷിക്കാനാവും. ഇന്ന് ഡിസംബർ 15 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് റിഫയിലെ ഷെയ്ഖ് സൽമാൻ ബിൻ അഹ്മദ് ഫോർട്ടിലും 7:30 ന് മദീനത് സൽമാനിലുമാണ് വെടിക്കെട്ട് നടക്കുക. നാളെ 16 ന് വൈകിട്ട് 7:30 ന് ബഹ്റൈൻ ബേയിലും ഫയർ വർക്സ് ഉണ്ടാവും. കോവിഡ് സാഹചര്യമായതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്തവർക്ക് ബഹ്റൈൻ ടി വി യിലൂടെ ലൈവായി ഫയർ വർക്സ് വീക്ഷിക്കാനുള്ള സാഹചര്യവുമുണ്ടാവും.
ഓഫറുകൾ പ്രഖ്യാപിച്ച് വ്യാപാര സ്ഥാപനങ്ങളും ജനങ്ങളും ആവേശത്തോടെയാണ് 49ാമത് ദേശീയ ദിനത്തെ വരവേൽക്കുന്നത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി കാപ്പിറ്റൽ ഗവർണറേറ്റ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഏറ്റവും നന്നായി അണിയിച്ചൊരുക്കുന്ന കെട്ടിടങ്ങൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 ന് ഹൈവേയില്‍ ബഹ്റൈന്‍ പതാക കൊണ്ട് അലങ്കരിച്ചതായി ദക്ഷിണ മേഖല മുനിസിപ്പാലിറ്റി അറിയിച്ചു. പ്രധാന നിരത്തുകളും റൗണ്ട് എബൗട്ടുകളും ബഹ്റൈൻ പതാകയുടെ ദ്വിവർണ ശോഭ പരത്തുന്ന ദീപാലങ്കരത്തിലൂടെയാണ് രൂപകല്പന നടത്തിയിട്ടുള്ളത്. 1600 മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ ഉയരത്തിലാണ് ഏറ്റവും വലിയ ദീപാലങ്കാര പതാക സ്ഥാപിച്ചിട്ടുള്ളത്.
സല്ലാഖ് ഹൈവേ മുതല്‍ ഗള്‍ഫ് ബേ ഹൈവേ വരെയും അവിടെ നിന്നും ബഹ്റൈന്‍ ഇൻറര്‍നാഷനല്‍ സര്‍ക്യൂട്ട് വരെയും പതാക നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ദീപാലങ്കാര പതാകയെന്ന ഖ്യാതി ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും. ഈസ ടൗണ്‍ ഗേറ്റ്, അല്‍ഖുദുസ് ഹൈവേ, റിഫ ക്ലോക് റൗണ്ട് എബൗട്ട്, വലിയ്യുല്‍ അഹ്ദ് അവന്യു, ഇസ്തിഖ്ലാൽ വാക് വേ, എജുക്കേഷന്‍ ഏരിയയിലെ ശൈഖ് സല്മാന് റോഡ് എന്നിവിടങ്ങളിലും അലങ്കരിച്ചിട്ടുണ്ട്.
‘മാതൃരാജ്യത്തെക്കുറിച്ച് നീ അഭിമാനിക്കൂ’ എന്ന പ്രമേയത്തില്‍ അല്‍ ഖുദുസ് അവന്യൂവില്‍ 30 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ ഉയരത്തിലും പ്രത്യേക ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വിവിധ റോഡുകളില്‍ ബഹ്റൈന്‍ പതാകയുടെ നിറങ്ങളിലുള്ള പൂക്കള്‍ നിറഞ്ഞ ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. സല്ലാഖ് ഹൈവേയില്‍ 5,000 ചതുരശ്ര മീറ്ററില്‍ പുല്ല് വെച്ചുപിടിപ്പിച്ചിട്ടുണ്ട്. 42,000 സീസണല്‍ പൂച്ചെടികള്‍, 100 വൃക്ഷങ്ങളും 700 തൈകളും 180 ഈന്തപ്പനകളും നട്ടിട്ടുണ്ട്.
ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും ദക്ഷിണമേഖല മുനിസിപ്പല്‍ കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു.