മനാമ: ബഹ്‌റൈനിലെ മോട്ടോർസൈക്കിൾ റൈഡിങ് ഗ്രൂപ്പായ പ്ലെഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിയൊമ്പതാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ റൈഡ് സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടി രാവിലെ ഏഴു മണിക്ക് അദ്‌ലിയയിലെ പാർലമെന്റ് അംഗം അമ്മാർ അഹമ്മദ് അൽ ബന്നായി ബഹ്‌റൈൻ മാളിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹിക പ്രവർത്തകൻ ഫസൽ ഉൾ ഹഖ് പരിപാടിയിൽ സന്നിഹിതനായിരുന്നു. പ്ലെഷർ റൈഡേഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ ഉമേഷിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിയിൽ ജയദേവ് സ്വാഗത പ്രസംഗവും ജതിന്ദർ സിംഗ് നന്ദി പ്രകാശനവും നടത്തി. ഗ്രൂപ്പിലെ മറ്റു അഡ്മിൻ അംഗങ്ങൾ ആയ അരുൺ, അജിത്, രഞ്ജിത്, പ്രസാദ്, നിതിൻ, അനീഷ്, വിൻസു എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
ബഹ്‌റൈൻ മാളിൽ നിന്ന് പുറപ്പെട്ട റൈഡ് ബഹ്‌റൈനിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് മറാസി ബീച്ചിൽ ആണ് അവസാനിച്ചത്. ഇതിനിടയിൽ മാൽക്കിയ ബീച്ചിൽ എത്തിയ ഗ്രൂപ്പ് അംഗങ്ങൾ ബീച്ച് ക്‌ളീനിംഗ് നടത്തിയതും ശ്രദ്ധേയമായി. റൈഡ് അനുഗമിച്ചു മാൽക്കിയ ബീച്ചിൽ എത്തിയ പാർലമെന്റ് അംഗം അമ്മാർ അഹമ്മദ് അൽ ബന്നായി ബീച്ച് ക്‌ളീനിംഗിന് നേതൃത്വം നൽകി. പ്ലെഷർ റൈഡേഴ്സ് നടത്തിയ സാമൂഹിക സേവനങ്ങളെ അമ്മാർ അൽ ബന്നായി അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങൾക്ക് വലിയ തോതിൽ പ്രചോദനമായതായും ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഇനിയും തങ്ങൾ തുടരുമെന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു നടത്തപ്പെട്ട പരിപാടിയിൽ റൈഡേഴ്സിനെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തുടങ്ങി മോട്ടോർസൈക്കിൾ റൈഡിങ് ഇഷ്ടപ്പെടുന്ന മറ്റു പലരും പങ്കെടുത്തത് ശ്രദ്ധേയമായി. ബഹ്‌റൈനിലെ റോഡുകളും ഗതാഗത നിയമങ്ങളും മോട്ടോർസൈക്കിൾ റൈഡിങ്ങിന് പൂർണ്ണ സുരക്ഷിതമാണെന്നും മോട്ടോർസൈക്കിൾ ലൈസൻസും സ്വന്തമായി മോട്ടോർസൈക്കിളും ഉള്ള ഏതു റൈഡറിനും ഗ്രൂപ്പിൽ അംഗം ആകാം എന്നും പ്ലെഷർ റൈഡേഴ്‌സ് അറിയിച്ചു.