മനാമ, ഡിസംബർ 21: ആഭരണങ്ങൾ വിൽക്കാൻ ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനെതിരെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അവർ വഞ്ചനയുടെ ഇരകളാകുന്നത് ഒഴിവാക്കുന്നതിനുമാണ് ഈ മുൻകരുതൽ.
കള്ളപ്പണം, തീവ്രവാദ ധനസഹായം തുടങ്ങിയ ദേശീയതക്കെതിരായ പ്രവർത്തനങ്ങൾക്കെതിരെയും നിയമനടപടികൾ ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ലൈസൻസില്ലാതെ ആഭരണങ്ങൾ വിൽക്കുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആണെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം വിൽപ്പനകൾ കൊമേഴ്സ്യൽ രജിസ്റ്റർ നിയമത്തിന്റെ (27/2015 )ലംഘനമാണ്. വാണിജ്യ രജിസ്റ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികളുടെ വ്യവസായങ്ങളിലെ പണമിടപാട്, തീവ്രവാദ ധനസഹായം എന്നിവ നേരിടുന്നതിനുള്ള പ്രത്യേക നടപടിക്രമങ്ങളും, മേൽപ്പറഞ്ഞ നിയമത്തിന്റെ ഭേദഗതിയായി മന്ത്രാലയത്തിൻ്റെ ഉത്തരവിൽ (173/2017) ൽ പറഞ്ഞിട്ടുണ്ട്.
www.sijilat.bh എന്ന വെബ്സൈറ്റിൽ ബഹ്റൈനിൽ ഉപഭോക്താക്കൾ ഇടപാട് നടത്തുന്ന ഏത് അക്കൗണ്ടിന്റേയും നിയമസാധുത, രജിസ്ട്രേഷൻ, ലൈസൻസിംഗ് എന്നിവ പരിശോധിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.