![]()
മനാമ: ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയും ആയ എച്ച്.ആർ.എച്ച് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ രാജാവിന്റെ നിർദേശ പ്രകാരം, ബഹ്റൈൻ മത്സ്യതൊഴിലാളികൾക്കെതിരെ ഖത്തർ അധികൃതർ സ്വീകരിച്ച നടപടികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രിസഭാ യോഗം അറിയിച്ചു.
ഇരു രാജ്യങ്ങൾക്കുമിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന മത്സ്യബന്ധന അവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു. ബഹ്റൈൻ മത്സ്യത്തൊഴിലാളികൾക്ക് ഖത്തർ-യു എ ഇ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതിന് പകരമായി, ബഹ്റൈൻ-സൗദി സമുദ്രാതിർത്തിയിൽ ഖത്തറിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കും അനുമതി നൽകിയതായും മന്ത്രിസഭ യോഗം അറിയിച്ചു.
ഇരു രാജ്യങ്ങളുമായി നിലനിൽക്കുന്ന ബന്ധത്തെ മുൻനിർത്തി ഇരു രാജ്യങ്ങളിലേയും പൗരന്മാർക്ക് പ്രയോജനകരമാകുന്ന രീതിയിലും ഗൾഫ് സഹകരണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഇരുരാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികൾക്കും, നാവികർക്കും സുഖമമായി തൊഴിൽ ചെയ്യുന്നതിനുമായി ഖത്തറുമായി ഒരു ഉഭയകക്ഷി ചർച്ചയിലൂടെ കരാർ നിർമിക്കേണ്ട ആവിശ്യകതയും സഭയിൽ ചർച്ചയായി.
രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജാവ് നടത്തിയ പ്രസംഗം ബഹ്‌റൈൻ പൗരന്മാരുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ തുടർച്ചയായ വികസനത്തെ അടയാളപ്പെടുത്തുന്നതാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ദേശീയ ദിനാഘോഷത്തിന് ബഹ്റൈനെ ആശംസകൾ അറിയിച്ച പൗരന്മാർക്കും, പ്രവാസികൾക്കും ലോകരാജ്യങ്ങൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു. രാജാവിന്റെ ദേശീയ വാക്സിനേഷൻ കാംപെയിന്റേയും, അദ്ദേഹത്തിന്റെ വാക്സിൻ സ്വീകരണത്തിന്റേയും പ്രാധാന്യം മന്ത്രി സഭയിൽ ചർച്ചയായി.
എല്ലാ കോവിഡ് -19 മുൻകരുതൽ നടപടികളും തുടർന്നും പാലിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ എച്ച്ആർഎച്ച് പ്രിൻസ് ആവർത്തിച്ചു. അണുബാധയുടെ നിരക്ക് മുമ്പത്തേതിനേക്കാൾ കുറവാണെങ്കിലും വൈറസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.
COVID-19 വൈറസിന് വന്ന ചില മാറ്റങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രിസഭ അവലോകനം ചെയ്തു.
ലഭ്യമായ മെഡിക്കൽ, ശാസ്ത്രീയ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ബഹ്റൈൻ അംഗീകരിച്ച വാക്‌സിൻ ഈ മാറ്റങ്ങളെ നേരിടാൻ പര്യാപ്തമാണെന്നും മന്ത്രിസഭ വിലയിരുത്തി. ഈ പുതിയ വെല്ലുവിളിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ആവർത്തിച്ചു.
ദേശീയ വാക്സിനേഷൻ കാംപെയിന് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിന്തുണയെ മന്ത്രിസഭ അഭിനന്ദിച്ചു.
വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഇതിനോടകം പന്ത്രണ്ടായിരത്തിലധികം എത്തിയിട്ടുണ്ട്.
വാക്സിനേഷനായി രജിസ്റ്റർ ചെയ്യുന്നത് തുടരാനും, ഓരോരുത്തരും സ്വയവും, സമൂഹത്തെയും രോഗത്തിൽ നിന്നും സംരക്ഷിക്കാനും, രാജ്യത്തിന്റെ ദേശീയ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയം ഉറപ്പാക്കാനും മന്ത്രിസഭ പൊതുജനങ്ങളോട് സഹകരണം അഭ്യർത്ഥിച്ചു.
ബഹ്റൈന്റേയും മറ്റു രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ “സരയ അൽ-മുക്താർ” എന്ന സംഘടനയെ ആഗോള തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. തീവ്രവാദ സംഘടനകളെ നേരിടുന്നതിലും തീവ്രവാദത്തിനെതിരെ പോരാടുന്നതിലും അമേരിക്കയുടെ തുടർച്ചയായ പിന്തുണക്ക് മന്ത്രിസഭ നന്ദി അറിയിച്ചു .
മന്ത്രി സഭയിൽ ചർച്ചയായ മറ്റൊരു പ്രധാന കാര്യം, യമനിൽ സർക്കാരിനേയും സതേൺ ട്രാൻസിഷണൽ കൗൺസിലിനേയും പ്രതിനിധീകരിക്കുന്ന യെമൻ പാർട്ടികളുടെ, റിയാദ് കരാർ നടപ്പാക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനമാണ്. റിയാദ് കരാർ നടപ്പാക്കുന്നതിനെയും, എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കുമെന്നുമുള്ള യെമൻ പാർട്ടികളുടെ പ്രഖ്യാപനത്ത മന്ത്രിസഭ സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ, സൗദി അറേബ്യൻ രാജാവ് എച്ച്. എച്ച് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, കിരീടാവകാശി, റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് എന്നിവരുടെ നിർദേശപ്രകാരം, സ്ഥിരതയുള്ളതും സമൃദ്ധവുമായ യെമന് വേണ്ടി സൗദി അറേബ്യ നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു.
ജോർദാൻ രാജാവ്, എച്ച് എം അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ, ജോർദാൻ കിരീടാവകാശി, റോയൽ ഹൈനസ് പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ എന്നിവരുടെ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഈ സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും എന്ന് മന്ത്രിസഭ വിലയിരുത്തി.
തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സുഡാനെ അമേരിക്ക ഔദ്യോഗികമായി നീക്കം ചെയ്തതിനെ സ്വാഗതം ചെയ്താണ് മന്ത്രിസഭ സമാപിച്ചത്. ഈ നടപടി മെന മേഖലയിലും അന്തർദ്ദേശീയമായും സുഡാന്റെ പങ്ക് ശക്തിപ്പെടുത്തുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
2020 മൂന്നാം പാദത്തിലെ വിശദ സാമ്പത്തിക റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ചു. മൊത്തം ആഭ്യന്തര ഉല്പാദനത്തില് രണ്ടാം പാദത്തേക്കാള്‍ 1.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി വിശദീകരിച്ചു.









