മനാമ: ഡയാലിസിസ് സഹായങ്ങൾക്കും ചെയ്തു പോരുന്ന മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെ കൊറോണ പ്രതിസന്ധി മൂലം പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ കോഴിക്കോട് ഇഖ്റ ആശുപത്രിയുമായി ചേർന്ന് കഷ്ടതയനുഭവിക്കുന്ന രോഗികൾക്കായി വെന്റിലേറ്റർ സഹായം ഏർപ്പെടുത്തിയിരിക്കുകയാണ് ജീവകാരുണ്യ സംഘടനയായ തണൽ. ആവശ്യത്തിന് വെന്റിലേറ്റർ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി രോഗികളെയും ആശുപത്രികളെയും ആണ് കൊറോണ പ്രതിസന്ധി കാലത്ത് നമുക്ക് കാണേണ്ടി വന്നത്. ജീവൻ നിലനിർത്താൻ ഏറ്റവും അത്യാവശ്യമായ വെന്റിലേറ്റർ പരമാവധി ജനങ്ങൾക്ക് എത്തിക്കുക എന്ന ദൗത്യമാണ് പിന്നീട് തണൽ ഏറ്റെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
വെന്റിലേറ്റർ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഷ്ടതയനുഭവിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് വലിയ പ്രയാസം നേരിടേണ്ടി വരുന്ന കാഴ്ചകളാണ് എല്ലാ മേഖലകളിലും സഹായ ഹസ്തങ്ങൾ നീട്ടാറുള്ള തണൽ ഈയൊരു ദൗത്യം കൂടി ഏറ്റെടുക്കുവാൻ തയ്യാറായി മുന്നോട്ട് വന്നത്. ഇതിനോടകം തന്നെ നിരവധി വെന്റിലേറ്ററുകൾ ഇഖ്റ ആശുപത്രിയുമായി ചേർന്ന് തരപ്പെടുത്തുവാൻ തണലിനു കഴിഞ്ഞിട്ടുണ്ട്. തികച്ചും സൗജന്യമായാണ് വെന്റിലേറ്റർ സൗകര്യം തണൽ നൽകിവരുന്നത്. തീർത്തും ജനോപകാരപ്രദമായ ഈയൊരു ദൗത്യത്തിൽ പങ്കാളികളായി ഒരു വെന്റിലേറ്റർ നൽകുവാൻ ബഹ്റൈൻ തണൽ ചാപ്റ്ററും തുടക്കം കുറിച്ചിരിക്കുന്നതായി പ്രസിഡന്റ് അബ്ദുൽ മജീദ് തെരുവത്ത് പറഞ്ഞു. നാളിതുവരെയും തണലിന്റെ എല്ലാ പ്രവർത്തനങ്ങളെയും നെഞ്ചിലേറ്റിയ ബഹ്റൈൻ പ്രവാസി സമൂഹം ഈയൊരു ഉദ്യമത്തെയും അകമഴിഞ്ഞ് സഹായിക്കും എന്ന് തന്നെയാണ് കരുതുന്നതെന്ന് തണൽ ഭാരവാഹികൾ പറഞ്ഞു.
ഈ ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനായി തണൽ ഭാരവാഹികളായ നജീബ് കടലായി (33762255), ജനറൽ സെക്രട്ടറി മുജീബ് മാഹി (33433530), ചീഫ് കോർഡിനേറ്റർ റഷീദ് മാഹി (39875579), വൈസ് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി (39605806) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.