മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പിഎം ഫെലോഷിപ്പ് പ്രോഗ്രാമിന്റെ ആറാമത്തെ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.
രാജ്യത്തെ പൊതു മേഖലയിലെ യുവാക്കളായ ഉദ്യോഗസഥരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ‘പി.എം ഫെല്ലോഷിപ്പ് പ്രോഗ്രാം നടന്നു വരുന്നത്. സുസ്ഥിര സാമ്പത്തിക വികസനം ഉറപ്പാക്കാൻ, രാജ്യത്തെ വിദഗ്ധ തൊഴിലാളികളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇക്കാര്യത്തിൽ, രാജ്യത്തിന്റെ സമഗ്രവികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ബഹ്‌റൈൻ യുവാക്കൾ വഹിച്ച പങ്ക് കിരീടാവകാശിയും പ്രധാനമന്ത്രിയും ആയ പ്രിൻസ് പ്രത്യേകം പരാമർശിച്ചു.
സർക്കാർ ജീവനക്കാരുടെ കഴിവുകൾ ഉയർത്തിക്കൊണ്ട് വരിക എന്നത്, ബഹ്‌റൈനിലെ എല്ലാ തന്ത്രപരമായ വികസന പദ്ധതികളിലും നടപ്പാക്കി വരുന്ന ഒരു പ്രധാന ലക്ഷ്യമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയും അഭിപ്രായപ്പെട്ടു.
വിവിധ സർക്കാർ ഏജൻസികളിലുടനീളമുള്ള ബഹ്‌റൈനികളുടെ നേട്ടങ്ങൾ യോഗത്തിൽ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി, അവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് പിന്തുണ തുടർന്നും നൽകുമെന്നും ഇത് സർക്കാരിന്റെ സമഗ്രവികസനത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി,
കർശനമായ പരീക്ഷകളിലൂടെ തിരഞ്ഞെടുത്ത അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പൊതുസേവന മേഖലകളിലെ അവരുടെ പ്രൊഫഷണൽ യോഗ്യതയും, നേതൃത്വ നൈപുണ്യവും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ വിജയം ആശംസിക്കുകയും ചെയ്തു.
തുടർന്ന്, അന്തരിച്ച മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ പ്രധാനമന്ത്രി എടുത്തുകാണിച്ചു. ബഹ്റൈന്റെ ഉന്നമനത്തിനായി, സർക്കാരിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ഈ ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
മാത്രമല്ല, ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ആധുനികവത്കരിക്കാനും, ഫെല്ലോഷിപ്പ് പ്രോഗ്രാമിലൂടെ പരിശീലനത്തിന് ശേഷം മടങ്ങിവരുന്നവർ അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ, അവർ നേടിയ പുത്തനറിവുകൾ പ്രയോഗത്തിൽ വരുത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഫെലോഷിപ്പിന്റെ അഡ്മിനിസ്ട്രേറ്റർമാരോട് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
ആറാമത്തെ ഫെല്ലോഷിപ്പ് പ്രോഗ്രാമിലെ അംഗങ്ങളോട്, ഫെലോഷിപ്പ് വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും, അവരുടെ കഴിവുകളും വൈദഗ്ധ്യവും വർദ്ധിപ്പിക്കാനും, രാജ്യത്തിന്റെ നിലവിലുള്ള വികസനത്തിന് കൂടുതൽ സംഭാവന നൽകാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിയോട് സംവദിക്കാനുള്ള അവസരം ലഭിച്ചതിൽ ഫെല്ലോഷിപ്പ് അംഗങ്ങൾ നന്ദിയർപ്പിക്കുകയും, വിവിധ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും ബഹ്‌റൈന്റെ ഉദ്യോഗസ്ഥർക്ക്, അദ്ദേഹം തുടർച്ചയായി നൽകിയ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു.