മനാമ: അന്താരാഷ്ട്ര ഡിസൈനുകളിലും വാസ്തുവിദ്യയിലും ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഇംഗ്ലീഷ്-സ്പാനിഷ് ദ്വിഭാഷാ മാസികയായ എൽ ക്രോക്വിസിന്റെ കവറിൽ, ബഹ്റൈനിലെ മുഹറഖിലെ ഗ്രീൻ കോർണറിലെ കെട്ടിടം ഇടം പിടിച്ചു.
മുഹറഖിലെ ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ-ഖലീഫ സെന്റർ ഫോർ കൾച്ചർ ആന്റ് റിസർച്ചിന്റെ ഭാഗമായ ‘ഗ്രീൻ കോർണർ കെട്ടിട നിർമിതിയുടെ ഒരു ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് മാസിക അതിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പുറംചട്ട അലങ്കരിച്ചിരിക്കുന്നത്.
നാല് നിലകളുള്ള ഗ്രീൻ കോർണർ കെട്ടിടത്തിന്റെ ഒരു നില പഴയ പെയിന്റിംഗുകളും പുസ്തകങ്ങളും പുനസ്ഥാപിക്കുന്നതിനായും, മറ്റൊന്ന് ബഹ്‌റൈന്റെ സാംസ്കാരിക പ്രചാരണത്തിനായുമാണ് ഉപയോഗിച്ചു വരുന്നത്.
ഇത് രണ്ടാം തവണയാണ് എൽ ക്രോക്വിസ് മാഗസീനിൽ, ബഹ്റൈനിലെ അഭിമാന കെട്ടിടങ്ങളെ ഉൾപ്പെടുത്തുന്നത്. എന്നാൽ ഇതാദ്യമായാണ് മാഗസീൻ കവർ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് നടത്തുന്ന “ദാർ അൽ മുഹറഖിന്” സമർപ്പിക്കുന്നത്.
ഗ്രീൻ കോർണർ കെട്ടിടം കൂടാതെ, ‘ദിൽമൻ’ പുരാതന നാഗരികതയിൽ നിന്നുരുത്തിരിഞ്ഞ, രാജ്യത്തിന്റെ കാർഷിക സംസ്കാരം കാവ്യാത്മകമായി അടയാളപ്പെടുത്തുന്ന, ‘ആർക്കിയോളജീസ് ഓഫ് ഗ്രീൻ,
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ മേൽനോട്ടത്തിൽ നവീകരിച്ച ഖൈസാരിയ സൗക്ക, ബഹ്‌റൈൻ പോസ്റ്റ് (മുൻ കസ്റ്റംസ് കെട്ടിടം) എന്നിവയുടെ ചിത്രങ്ങളും, യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ബഹ്റൈനിലെ മറ്റു കെട്ടിടങ്ങളും, ബഹ്റൈനിൽ നിന്നും മാഗസീന്റെ ഈ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.