മനാമ: ക്രോണിക് ഡിസീസ് നിയന്ത്രണ സമിതിയുടെ ഈ വർഷത്തെ മൂന്നാമത്തെ യോഗം ആരോഗ്യമന്ത്രി ഫൈക ബിന്ത് സയീദ് അൽ സലേഹയുടെ അധ്യക്ഷതയിൽ നടന്നു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ നജാത് അബു അൽ ഫത്തേഹ്
ക്രോണിക് ഡിസീസ് നിയന്ത്രിക്കാനുള്ള ഗൾഫ് കമ്മിറ്റിയുടെ ശുപാർശകൾ അവലോകനം ചെയ്തു. യോഗത്തിൽ സമിതി അംഗങ്ങളുടെ പ്രവർത്തനത്തെ മന്ത്രി പ്രശംസിക്കുകയും കൂടുതൽ നന്നായി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും ആശംസിക്കുകയും ചെയ്തു.
ക്രോണിക് കാൻസർ കണ്ടെത്തൽ പ്രചാരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകളും വികസനവും എൻഡോക്രൈനോളജിസ്റ്റും ഡയബറ്റിസ് കൺസൾട്ടന്റുമായ ഡോ. ദലാൽ അൽ റുമൈഹി ചർച്ച ചെയ്തു. ബഹ്‌റൈൻ സമൂഹത്തെ സ്ഥിരരോഗങ്ങളുടെ പിടിയിൽനിന്നും മോചിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. മുൻ യോഗ റിപ്പോർട്ടിന് അംഗീകാരം നല്കുകയും അതിൽ ഉൾപ്പെട്ട മിക്ക കാര്യങ്ങളും നടപ്പിലാക്കിയതായി വിലയിരുത്തുകയും ചെയ്തു. പ്രമേഹത്തെ സംബന്ധിച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളിൽ അവബോധമുണ്ടാക്കുന്നതിനുള്ള പദ്ധതികളും യോഗത്തിൽ അവതരിപ്പിച്ചു.