മനാമ: ആരോഗ്യമന്ത്രി ഫൈക ബിന്ത് സയീദ് അൽ സലേഹയുടെ അധ്യക്ഷതയിൽ എയ്‌ഡ്‌സ് പ്രതിരോധ ദേശീയ സമിതി യോഗം സംഘടിപ്പിച്ചു. മന്ത്രാലയത്തിലെയും ഔദ്യോഗിക സ്ഥാപനങ്ങളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള പദ്ധതി, ഉപസമിതികളുടെ പ്രവർത്തനങ്ങൾ, സമിതിയുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു. അതോടൊപ്പം എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള 2020-2025 പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ദേശീയ കമ്മിറ്റിക്കായി വെബ്‌സൈറ്റ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശവും സമൂഹത്തിൽ അവബോധം പകരുന്നതിനായി ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതിന്റെ കാര്യവും യോഗത്തിൽ അവലോകനം ചെയ്തു. 2021 ജൂണിൽ നടക്കുന്ന സിൻഡ്രോം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗ പരിപാടിയിൽ പങ്കെടുക്കാനുള്ള സമിതിയുടെ സന്നദ്ധത മന്ത്രി അറിയിച്ചു.
