മനാമ: ന്യൂ ഇയർ ആഘോഷവേളയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ രണ്ട് ക്രിമിനൽ കോടതികളെ കൂടി ചുമതലപ്പെടുത്തി. സുപ്രീം ജുഡീഷ്യൽ കൗൺസിൽ (എസ്‌ജെസി) വൈസ് ചെയർമാനും, ചാൻസലറുമായ അബ്ദുല്ല ബിൻ ഹസ്സൻ അൽ-ബ്യൂനെയ്ൻ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ചട്ടങ്ങൾക്കെതിരായി കൂട്ടം കൂടുന്നതടക്കമുള്ള നിയമ ലംഘനങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കാൻ ആണ് ഈ കോടതികളെ ചുമതലപ്പെടുത്തിയത്.
സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്‌മെൻറ്സ് ആൻഡ് ദി പബ്ലിക് പ്രോസിക്യൂഷൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും, രോഗ വ്യാപനത്തിനെതിരെ മുൻകരുതൽ സ്വീകരിക്കാനായി കോടതികൾ പ്രവർത്തിക്കുക എന്ന് അബ്ദുല്ല ബിൻ ഹസ്സൻ അൽ-ബ്യൂനെയ്ൻ പറഞ്ഞു.
പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഉള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി നടപ്പിലാക്കിയ നിർണായക നടപടികളുടെ വെളിച്ചത്തിൽ, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ജുഡീഷ്യൽ സേവനങ്ങൾ നൽകുന്നതിൽ ബഹ്‌റൈൻ കോടതികൾ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.