മനാമ: സാധാരണക്കാർ നെഞ്ചിലേറ്റിയ കവി അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ അനുശോചനം നടത്തി. ജീവിതഗന്ധികളായ കവിതകളിലൂടെ അധസ്ഥിത ജനവിഭാഗ ങ്ങളുടെ പ്രശ്നങ്ങൾ സമൂഹ മധ്യത്തിൽ ചർച്ചാവിഷയം ആക്കിയ ജനകീയ കവിയായിരുന്നു അനിൽ പനച്ചൂരാൻ എന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരന്റെ നാവിൽനിന്നും നിരന്തരം ഉരുവിടുന്ന കവിതകളും ചലച്ചിത്ര ഗാനങ്ങളും എന്നും നിലക്കാതെ തലമുറകൾ കൈമാറി നിലനിർത്തുവാൻ ഉതകുന്ന സൃഷ്ടികൾ അദ്ദേഹത്തെ അനശ്വരനാക്കുമെന്നു യോഗം വിലയിരുത്തി.അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തിൽ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ സജി കലവൂർ,ഹാരിസ് വണ്ടാനം,അനീഷ് മാളികമുക്ക്, ജയലാൽ ചിങ്ങോലി, അനിൽ കായംകുളം, ശ്രീജിത്ത് ആലപ്പുഴ, ജോർജ് അമ്പലപ്പുഴ എന്നിവർ അനുശോചന പ്രസംഗം നടത്തി. 2021 ജനുവരി 8 നു വീഡിയോ കോൺഫെറൻസ് വഴി കൂടുന്ന അസോസിയേഷൻ വാർഷിക പൊതുയോഗത്തിന്റെ ക്രമീകരണങ്ങളും യോഗം വിലയിരുത്തി.