റിയാദ്: 41-ാമത് ജി.സി.സി ഉച്ചകോടിക്ക് ഇന്ന് സൗദി അറേബ്യയിലെ അൽ ഉല വേദിയാക്കും. ഗൾഫ് നാടുകളുമായി അകന്നുനിന്നിരുന്ന ഖത്തർ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് അൽത്താനിക്കുൾപ്പെടെ എല്ലാ രാഷ്ട്രത്തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു. ഗൾഫ് മേഖലയുടെ സാമ്പത്തികവളർച്ച, മറ്റുവികസനം, ഗൾഫിലെ കോവിഡ് പ്രതിരോധനടപടികൾ എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ച വിഷയങ്ങൾ. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി നടത്തുക. നേരത്തേ ബഹ്‌റൈനിൽ നടത്താനിരുന്ന ഉച്ചകോടിയാണ് ഇപ്പോൾ ഗിന്നസ് റെക്കോഡ് നേടിയ സൗദിയിലെ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിൽ നടത്തുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായ അൽഉല ആദ്യമായാണ് ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നത്.