തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെയാണ് കേരളം പുതിയ വർഷത്തിൽ കടന്നുപോകുന്നത്. കാലം തെറ്റിയ മഴ വിള ഉത്പാദനത്തില്‍ വൻ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഏറ്റവുമധികം മഴ കിട്ടിയ ജനുവരി മാസമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തിൽ വേനല്‍മഴ കിട്ടുന്നത് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലത്താണ്. എന്നാല്‍ ജനുവരി മാസം തുടക്കം തന്നെ പതിവ് തെറ്റിച്ചാണ് മഴ പെയ്യുന്നത്. മാവ്, കശുമാവ് പൂക്കുന്ന സമയത്തെ കാലം തെറ്റിയ മഴ ഇവയെ എല്ലാം സാരമായി ബാധിക്കും. ജനുവരി മാസത്തില്‍ ശരാശരി ലഭിക്കേണ്ടത് 8 മില്ലീമീറ്റർ മഴ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെ പെയ്തത് 88.6 മി.മി.മഴയാണ്. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ അനുകൂലമായി വന്നതാണ് ഇപ്പോഴത്തെ മഴക്ക് കാരണമായത്. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവാളച്ചുഴിയും പല ജില്ലകളിലും അസാധാരണ മഴക്ക് കാരണമായി. നാളെയും മറ്റന്നാളും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്ക് സാധ്യതയുണ്ട്.