മനാമ: ഖത്തറിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചെന്നാരോപിച്ച, ബഹ്‌റൈൻ ബോട്ട് “ബ്ലാക്ക്‌സ്മിത്ത്” കണ്ടു കെട്ടിയതിനെക്കുറിച്ച്, ജനുവരി 8 വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ, ഖത്തറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയിൽ നിന്ന് ഫാക്സ് സ്വീകരിച്ചതായി ബഹ്റൈൻ കോസ്റ്റ് ഗാർഡ് ഓപ്പറേഷൻ സെന്റർ ഡയറക്ടർ അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന ബഹ്‌റൈൻ പൗരൻമാരായ സമി ഇബ്രാഹിം അൽ ഹദാദ് (48), മുഹമ്മദ് യൂസിഫ് അൽ ദൊസൈരി (37) എന്നിവരെ അറസ്റ്റുചെയ്തതായി ഖത്തർ വ്യക്തമാക്കി.
അറസ്റ്റിലായ സമി ഇബ്രാഹിം അൽ ഹദാദ് ബഹ്‌റൈൻ ബോഡിബിൽഡിംഗ് ചാമ്പ്യൻ ആണ്. ഇവരുടെ അവസ്ഥയെക്കുറിച്ചും, അവരെ അറസ്റ്റുചെയ്ത സാഹചര്യങ്ങളെ കുറിച്ചും വിവരങ്ങൾ നൽകാൻ , കേസ് ലഭിച്ചതിന് ശേഷം ഖത്തറിനോട് അഭ്യർത്ഥിച്ചതായി കോസ്റ്റ് ഗാർഡ് ഓപ്പറേഷൻ സെന്റർ ഡയറക്ടർ പറഞ്ഞു. കോസ്റ്റ് ഗാർഡിന് ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈൻ ബോഡിബിൽഡിംഗ് ചാമ്പ്യൻ സമി അൽ ഹദ്ദാദിനെ ഖത്തരി കോസ്റ്റ് ഗാർഡ് അറസ്റ്റുചെയ്തതിനെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു.
ബഹ്‌റൈൻ പൗരനായ സമി അൽ ഹദ്ദാദിനെയും കൂട്ടാളിയേയും ഉടൻ മോചിപ്പിക്കണമെന്നും ബഹ്‌റൈൻ മത്സ്യത്തൊഴിലാളികളെ കടലിൽ വെച്ച് ആക്രമിക്കുന്നത് തടയാനും അന്യായമായ അറസ്റ്റ് ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം ഖത്തറി അധികൃതരോട് ആവശ്യപ്പെട്ടു. ഹദ്ദാദിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഉടൻ വിട്ടയക്കണമെന്ന ആവശ്യവുമായി ബഹ്റൈനിൽ ക്യാമ്പെയ്നും ശക്തമാണ്.