മനാമ: ബഹ്‌റൈനും ഖത്തറുമായുള്ള പ്രശ്‌നങ്ങളും, തീർപ്പുകൽപ്പിക്കാത്ത വിഷയങ്ങളും സംബന്ധിച്ച്, ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ചർച്ച ആരംഭിക്കുന്നതിനായി, ബഹ്‌റൈനിലേക്ക് എത്രയും വേഗം ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കാൻ ഖത്തറിന് ക്ഷണം അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിലെ അൽ-ഉല ഗവർണറേറ്റിൽ നടന്ന ജിസിസി സുപ്രീം കൗൺസിലിന്റെ 41-ാമത് സെഷൻ പുറത്തിറക്കിയ അൽ-ഉല പ്രഖ്യാപനത്തിന്റെ വെളിച്ചത്തിൽ, രണ്ട് സഹോദര രാജ്യങ്ങളുടെ പൗരന്മാരുടെ പ്രയോജനത്തിനായി ഉന്നത ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനും, സംയുക്ത ഗൾഫ് പ്രവർത്തനം ശക്തിപ്പെടുത്താനും ഉഭയകക്ഷി ചർച്ചയിലൂടെ സാധിക്കുമെന്നും ഖത്തർ പ്രതിനിധികൾ എത്രയും വേഗം ഉഭയകക്ഷി ചർച്ചക്കായി ബഹ്റൈനിലേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്നതായും, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലതിഫ് ബിൻ റാഷിദ് അൽ സയാനി, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിക്ക് അയച്ച കത്തിൽ പറയുന്നു.