റിയാദ്: കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച രാജ്യാന്തര വിമാനസര്‍വീസുകള്‍ സൗദി പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഔദ്യോഗിക ഉത്തരവ് ലഭിച്ചു. മാര്‍ച്ച് 31 ബുധനാഴ്ച രാവിലെ 6 മുതല്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും രാജ്യത്തേക്ക് മടങ്ങിവരാനും സാധിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വിമാന സർവീസുകൾ നടത്തേണ്ടതും യാത്രക്കാര്‍ എത്തിച്ചേരേണ്ടതുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) വിമാന കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിന്റെ വകഭേദം രൂക്ഷമായ ലിബിയ, സിറിയ, ലബനാന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മീനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്താന്‍, വെനീസ്വലേ, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് പ്രത്യേക അനുമതി തേടാതെ പോകരുതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം സ്വദേശികളോട് ആവശ്യപ്പെട്ടു.
