ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യൻ ദ്വീപായ സുലവേസിയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു ഇതേതുടര്‍ന്ന് ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാലുപേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനു പിന്നാലെയാണ് മരണസംഖ്യയും പരിക്കേറ്റവരുടെയും എണ്ണവും വർധിച്ചത്.
രണ്ട് വലിയ ഹോട്ടലുകൾ, ഗവർണരുടെ ഓഫീസ്, ഒരു മാൾ എന്നിവയുൾപ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് 6.2 തീവ്രത രേഖപ്പെടുത്തി. ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി 24 മണിക്കൂറിനുള്ളില്‍ ചെറുതും വലുതമായ നിരവധി ഭൂകമ്പങ്ങള്‍ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2018 ല്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമിയില്‍ സുലാവാസിയിലെ പാലു നഗരം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ആയിരക്കണക്കിന് ആളുകള്‍ അന്ന് മരിച്ചിരുന്നു.