മനാമ: ഖത്തർ തടങ്കലിലാക്കിയ മൂന്ന് ബഹ്‌റൈനികളെ വിട്ടയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, അവരുടെ ബോട്ടുകളും ബനൂഷുകളും (പരമ്പരാഗത ബോട്ടുകൾ) ഖത്തറി അധികൃതരുടെ അധീനതയിലാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിൽ തടവിലാക്കപ്പെട്ട എല്ലാ പൗരന്മാരുടേയും മോചനത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രിസഭയിൽ നിന്നും ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം ലഭിച്ചിരുന്നു. 2021 ജനുവരി എട്ടിന് ഖത്തറി തീരദേശ അതിർത്തി സംരക്ഷണ സേന അറസ്റ്റ് ചെയ്ത ബഹ്റൈൻ ബോഡിബിൾഡറായ ഇബ്രാഹിം അൽ ഹദ്ദാദും, കൂട്ടാളി മുഹമ്മദ് യൂസിഫ് അൽ ദൊസാരി എന്നിവർ അടക്കമുള്ള ബഹ്റൈൻ പൗരന്മാരെ ഖത്തർ വിട്ടയക്കുന്നതായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
2020 ഡിസംബർ 3 ന് അറസ്റ്റിലായ ബഹ്‌റൈൻ നാവികൻ ഹബീബ് അബ്ബാസിനെയും വിട്ടയച്ചു. എന്നിരുന്നാലും, അവരുടെ ബോട്ടുകൾ ഇപ്പോഴും ഖത്തർ സൂക്ഷിച്ചിരിക്കുകയാണ്. നിലവിൽ, 50 ബഹ്‌റൈൻ ബോട്ടുകളും ബനൂഷുകളും ഖത്തർ നിയന്ത്രണത്തിലാണ്.
അറസ്റ്റിൽ ആയവർ ബഹ്റൈനിൽ എത്തിചേർന്നതിന് ശേഷം അവരുടെ അറസ്റ്റ് സംബന്ധിച്ച വിശദവിവരങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.