മനാമ: പ്രാദേശിക പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിനായി, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി അൽ സഫ്രിയ കൊട്ടാരത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
രാജ്യത്തിനും പൗരന്മാർക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കുന്നതിനായി വിവിധ മേഖലകളിലായി രാജ്യം കൈവരിച്ച വികസന, സേവന നേട്ടങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
ഖത്തറിന്റെ തടവിലുള്ള എല്ലാ ബഹ്‌റൈൻ നാവികരും സുരക്ഷിതരായി തിരിച്ചുവരുമെന്ന്, കിരീടാവകാശി രാജാവിന് ഉറപ്പു നൽകി. അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇക്കാര്യത്തിൽ, ബഹ്‌റൈൻ നാവികരുടെ മോചനം ഉറപ്പുവരുത്തുന്നതിനും, അവർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനുമായി കിരീടാവകാശിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തിയ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.
കോവിഡ് പ്രതിരോധ കുത്തിവെപ്പിനോടും, രാജ്യത്തിന്റെ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളോടും പൗരന്മാരും പ്രവാസികളും പുലർത്തുന്ന ഉയർന്ന ഉത്തരവാദിത്വത്തെ രാജാവ് പ്രശംസിച്ചു.
മുൻനിര ആരോഗ്യ പ്രവർത്തകർ അടക്കം, ദേശീയ രോഗപ്രതിരോധ പ്രചാരണത്തിന്റെ ചുമതലയുള്ള എല്ലാവരുടെയും അശ്രാന്ത പരിശ്രമങ്ങളെയും, സംഭാവനകളെയും രാജാവ് അഭിനന്ദിച്ചു.
എല്ലാവരുടെയും സഹകരണവും ഐക്യദാർഡ്യവും, ചേർന്ന് ബഹ്‌റൈൻ ഉദ്ദേശിച്ച ലക്ഷ്യങ്ങളിലേക്കെത്തിക്കുമെന്നും, രോഗ വ്യാപനം പരിമിതപ്പെടുത്തുന്നതിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയെന്നും ഹമദ് രാജാവ് കൂട്ടിച്ചേർത്തു.