മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ആദ്യ ‘മോക് ഡ്രിൽ’ വിജയകരമായി പൂർത്തിയായി. അത്യാഹിത സാഹചര്യത്തിൽ വേഗത്തിൽ സുരക്ഷിതമായി ആളുകളെ പുറത്തെത്തിക്കുന്നതിനുള്ള പരിശീലനം ആണ് പൂർത്തിയായത്.
ബാഗേജ് ഹാൻഡ്‌ലിംഗ് സർവീസസ് മീറ്റിംഗ് റൂമിൽ തീ പടർന്നതിനെ കേന്ദ്രീകരിച്ചായിരുന്നു മോക്ക് ഡ്രിൽ.
എല്ലാ യാത്രക്കാരെയും സ്റ്റാഫുകളെയും ടെർമിനലിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ബിഎസി, ആഭ്യന്തര മന്ത്രാലയം (എംഒഐ), നാഷണൽ ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നീ ടീമുകൾ ഏകോപിത നടപടികൾ സ്വീകരിച്ചു. പരിശീലനത്തിൽ 1000 പേർ, രണ്ട് ആംബുലൻസുകൾ, മൂന്ന് ഫയർ ട്രക്കുകൾ എന്നിവ പങ്കെടുത്തു.
“ഈ പരിശീലനത്തിൽ ഏർപ്പെട്ട എല്ലാവരോടും, ഈ സാഹചര്യം വേഗത്തിലും കാര്യക്ഷമമായും ഉയർന്ന ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്തതിന് ഞാൻ നന്ദി പറയുന്നു.
ജനുവരി 28 ന് പുതിയ ടെർമിനലിലേക്ക് പ്രവർത്തനങ്ങൾ കൈമാറുന്നതിന് മുമ്പ് ഞങ്ങളുടെ അടിയന്തിര നടപടിക്രമങ്ങളും ഏകോപനവും വിലയിരുത്തുന്നതിന് ഈ മോക് ഡ്രിൽ ഒരു മികച്ച അവസരം നൽകി.
സംഭവിക്കാനിടയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ എയർപോർട്ട് പൂർണ്ണമായും തയ്യാറാണെന്നും ഇത് തെളിയിച്ചു. ” ബിഎസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫാല പറഞ്ഞു.
ബിഐഎയിലെ യാത്രക്കാരുടെയും സ്റ്റാഫുകളുടെയും സുരക്ഷയ്ക്കായി ബിഎസി പ്രതിജ്ഞാബദ്ധമാണെന്നും, എയർപോർട്ട് നവീകരണ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിരവധി മെച്ചപ്പെടുത്തലുകൾ നടത്തിയതും,
എയർപോർട്ടിലെ എല്ലാ അടിയന്തിര സാഹചര്യങ്ങൾക്കും, ആദ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു പുതിയ ഫയർ സ്റ്റേഷൻ 2017 ൽ തുറന്നതായും,
ഉയർന്ന വൈദഗ്ധ്യമുള്ള RFFS ടീം വിപുലമായ പരിശീലനത്തിന് വിധേയമായിട്ടുണ്ടെന്നും, റെസ്ക്യൂ ആന്റ് ഫയർ ഫൈറ്റിംഗ് സർവീസസ് (ആർഎഫ്‌എഫ്എസ്) ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ സായിദ് പറഞ്ഞു.