മനാമ: കോവിഡ് -19 രോഗത്തിന്റെ സാമൂഹിക-സാമ്പത്തിക ആഘാതം പഠിക്കുന്നതിനായി ബഹ്‌റൈനിലെ യുണൈറ്റഡ് നാഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) പങ്കാളിത്തത്തോടെ, ബഹ്‌റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക്, ഇന്റർനാഷണൽ, എനർജി സ്റ്റഡീസ് (ഡെരാസത്ത്) റിപ്പോർട്ട് പുറത്തിറക്കി.
ജനങ്ങളുടെ ജീവിതത്തിൽ കോവിഡ് -19 വ്യാപനത്തിന്റെ സ്വാധീനവും, അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി, ബഹ്‌റൈനിൽ ടെലിമെഡിസിൻ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും റിപ്പോർട്ട് വിവരിക്കുന്നു.
ആരോഗ്യ വിദഗ്ദരുമായും, ടെലിമെഡിസിൻ ഉപയോക്താക്കളുമായും നടത്തിയ സമഗ്രമായ അഭിമുഖങ്ങളുടെ വെളിച്ചത്തിൽ, കോവിഡ് വ്യാപനം ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ച് ഗുണപരമായ തെളിവുകൾ ശേഖരിക്കുകയും, ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ബദൽ തന്ത്രം എന്ന നിലയിൽ, ടെലിമെഡിസിന്റെ ഫലപ്രാപ്തിയെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കി. പകർച്ചവ്യാധി സമയത്ത് ബഹ്‌റൈനിൽ, ഭാവിയിൽ ടെലിമെഡിസിൻ പരിശീലനം എങ്ങനെ മെച്ചപ്പെടുത്താം എന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
“ഞങ്ങളുടെ കണ്ടെത്തലുകൾ കോവിഡ് -19 പകർച്ചവ്യാധിയുടെ ശാരീരിക,മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ പ്രാപ്തരാക്കുന്നു, കൂടാതെ ഇക്കാര്യത്തിൽ ആവശ്യമായ നടപടികളെക്കുറിച്ച് ഉൾക്കാഴ്ച നൽകുകയും ടെലിമെഡിസിൻ സേവനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള അറിവും പൊതുജനങ്ങൾക്കായി നൽകുകയും ചെയ്യുന്നു.”ഡെരാസാറ്റ് റിസർച്ച് ഫെലോയും റിപ്പോർട്ടിന്റെ രചയിതാവുമായ ഡോ. ഫാത്തിമ അൽസെബായ് പറഞ്ഞു.
കോവിഡ് -19 വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതത്തെ ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. രോഗവ്യാപനം ജീവിതരീതികളിലും ദിനചര്യകൾക്കും മാറ്റങ്ങൾ വരുത്തുന്നതിനും കാരണമായി. അതിൽ ഏറ്റവും ശ്രദ്ധേയമായത് ജീവിതശൈലിയിലെ മാറ്റങ്ങളാണ്. ഉദാഹരണത്തിന്, വ്യായാമം, ഭക്ഷണം, ഉറക്ക സമയം എന്നിവയിൽ വന്ന മാറ്റം. കൂടാതെ, ആശുപത്രികളിലെ അണുബാധയെക്കുറിച്ചുള്ള ഭയം മൂലം ഡോക്ടർമാരെ നേരിട്ട് കാണാൻ അവസരമില്ലാത്തത്, രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ
സാമൂഹിക ജീവിതവും, ബന്ധവും അറ്റുപോയത്,വർദ്ധിച്ച സോഷ്യൽ മീഡിയ ഉപയോഗം,ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റം എന്നിവ ജനങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചിട്ടുണ്ട്.
പ്രമേഹത്തിനും മാനസികാരോഗ്യത്തിനും ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. പകർച്ചവ്യാധിയുടെ ആദ്യ ഘട്ടങ്ങളിൽ, 18-45 വയസ് പ്രായമുള്ള വ്യക്തികളാണ് ഇത്തരത്തിൽ ചികിത്സ തേടിയവരിൽ അധികവും എന്നതും ശ്രദ്ധേയമാണ്.
പൊതുജീവിതത്തിൽ രോഗവ്യാപനം മൂലമുണ്ടായ വലിയ മാറ്റങ്ങളുടെ ഫലമായി, 18 മുതൽ-36 വയസ് വരെ പ്രായമുള്ള ചെറുപ്പക്കാരെയാണ് സമ്മർദ്ദവും വിഷാദവും ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രധാനമായും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും, സമൂഹിക ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും അവരുടെ സാമൂഹിക ജീവിതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചതും മാനസിക ആരോഗ്യത്തെ ബാധിച്ചു.
മാത്രമല്ല, ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റം, ജോലിചെയ്യുന്ന അമ്മമാർക്ക് ഒരു പുതിയ ഉത്തരവാദിത്വം നൽകി. ഈ മാറ്റം അവരുടെ ദൈനംദിന ഉത്തരവാദിത്തത്തിൽ പുതിയ സമ്മർദ്ദവും വെല്ലുവിളികളും ചേർക്കുന്നു, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
കോവിഡ് -19 കാലഘട്ടത്തിൽ ബഹ്‌റൈനിൽ ടെലിമെഡിസിനിലേക്കുള്ള മാറ്റം ആരോഗ്യ സേവനങ്ങളുടെ തടസ്സം ലഘൂകരിക്കുന്നതിലും, കോവിഡ് -19 ന്റെ വ്യാപനസാധ്യത കുറയ്ക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ടെലിമെഡിസിൻ ആരോഗ്യസംരക്ഷണ മേഖലയിലെ സഹകരണവും ഏകോപനവും സൃഷ്ടിച്ചു. ഇത് ആരോഗ്യമേഖലയിലെ ജോലികൾ പുന:രൂപകൽപ്പന ചെയ്യുകയും, ജോലി പ്രവാഹത്തിൽ മാറ്റം വരുത്തുകയും ചെയ്തു. ഇത് ഇൻഷുറൻസ്, മരുന്ന് വിതരണം എന്നിവയിൽ പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനും കാരണമായി.
ടെലിമെഡിസിൻ വികസിപ്പിക്കുന്നതിലും, ഭാവിയിലെ ഒരു വ്യവസായമെന്ന നിലയിൽ അതിന്റെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾക്കായി ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ടെലിമെഡിസിൻ പരിശീലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി ക്രമീകരിക്കണമെന്നും, ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്, ആരോഗ്യമേഖലയിലെ എല്ലാവരും തമ്മിലുള്ള നിരന്തരമായ ആശയവിനിമയവും സഹകരണവും ഉറപ്പാക്കാമെന്നും, ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും എല്ലാ ജനങ്ങൾക്കും ആരോഗ്യ സേവനങ്ങൾ വിതരണം ചെയ്യുന്നതിനും ടെലിമെഡിസിൻ നിർണ്ണായകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.