മനാമ: നാട്ടിൽ പോകാതെ ബഹ്റൈനിൽ 45 വർഷം പ്രവാസജീവിതം നയിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞ, കണ്ണൂർ ചാലാട് പടന്നപ്പാലം സ്വദേശി പുതിയപുരയിൽ ഹരിദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ഡിസംബർ 15 നാണ് ഹരിദാസ് താമസസ്ഥലത്തെ ബാത്ത്‌റൂമിൽ വീണ് മരണപ്പെട്ടത്. 1974 ഏപ്രിൽ 22 ന് ബഹ്റൈനിൽ എത്തിയ ഇദ്ദേഹം രണ്ടു വർഷത്തിന് ശേഷം 1976 ൽ നാട്ടിൽ പോയി മടങ്ങിവന്നതിന് ശേഷം പിന്നീടിത് വരെ നാട്ടിലേക്ക് പോയിട്ടേയില്ല. ബഹ്റൈനിൽ ടെയ്‌ലർ ആയി ജോലി ചെയ്യുകയായിരുന്നു ഹരിദാസ്.
ഇത്രയും കൊല്ലമായി നാട്ടിൽ പോകാത്തത് കൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ ഒരു രേഖകളും ലഭ്യമായിരുന്നില്ല. മനാമ പഴയ ഗോൾഡ് സൂഖിന് പുറകിലുള്ള താമസസ്ഥലത്ത് ഒരാൾ മരണപ്പെട്ടുകിടക്കുന്നു എന്ന് മാത്രമാണ് ആദ്യം ലഭിച്ച വിവരം. മരിച്ച ഹരിദാസിന്റെ ഖത്തറിലുള്ള സഹോദപുത്രൻ ശ്രീദീപ്, അഡ്വ: ലതീഷ് ഭരതൻ മുഖേന പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. മരിച്ചയാൾക്ക് യാതൊരു വിധ രേഖകളും ഇല്ലായിരുന്നുവെങ്കിലും, പരേതന്റെ ആറ് സഹോദരങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക സഹോദരി ശാരദ (90) സുബൈർ കണ്ണൂരിന്റെ പേരിൽ അധികാരപത്രം നൾകിയതോടെയാണ് ശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കാനായത്.
ബി.കെ.എസ്.എഫ് അംഗം നജീബ് കടലായി നാട്ടിൽനിന്ന് രേഖകൾ സംഘടിപ്പിക്കാനും, ഐ സി ആർ എഫ്, ബഹ്റൈൻ പ്രതിഭ, ഒഐസിസി ബഹ്റൈൻ മുതലായ സംഘടനകളും ബഹ്റൈനിൽ നിന്ന് സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, ബഷീർ അമ്പലായി, അൻവർ കണ്ണൂർ, ഗംഗൻ, മനോജ് വടകര, നൗഷാദ് പൂനൂർ, ചെമ്പൻ ജലാൽ തുടങ്ങിയവരും സഹായിച്ചു. കൂടാതെ, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എമ്പസി, നോർക്ക, കേരള സർക്കാർ തുടങ്ങിയവയും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിച്ചതായി സുബൈർ കണ്ണൂർ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ചിലവ് ബഹ്റൈനിലെ ഇന്ത്യൻ എമ്പസി ആണ് വഹിച്ചത്. മരണപ്പെട്ട ഹരിദാസിന്റെ സഹോദരന്റെ മകൻ ശ്രീജിത്ത് നാട്ടിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.